road
വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിലെ റിടാറിംഗ് പുരോഗമിക്കുന്നു

വൈപ്പിൻ : 25 കി.മി. നീളം വരുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത നവീകരണം പുരോഗമിക്കുന്നു. 20 കോടി രൂപ ചെലവിൽ റിടാറിംഗ്, തുടർന്ന് 26 കോടി രൂപയുടെ ലോകബാങ്ക് പദ്ധതിയിൽപ്പെടുത്തി നവീകരണവും. നവീകരണത്തിന് മുന്നോടിയായി ആദ്യം ഭൂഗർഭ കേബിളുകൾ ഇടുന്നത് തുടങ്ങിയപ്പോഴാണ് കൊവിഡ് വന്നുപെട്ടത്. കുറേക്കാലം പണിമുടങ്ങി. കൊവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോൾ പണി പുനരാരംഭിച്ചു. തുടർന്ന് ചെറായി ബീച്ച് വളവ്, മുരിക്കുംപാടം പൊതുശ്മശാനത്തിന് സമീപം, എടവനക്കാട് വാച്ചാക്കൽ എന്നിവിടങ്ങളിൽ കലുങ്ക് നിർമ്മാണം തുടങ്ങിയതോടെ വാഹനക്കുരുക്കും രൂക്ഷമായി.

 ഒറ്റവരിഗതാഗതത്തിലെ കുരുക്ക്

റോഡിന്റെ പകുതി വീതിയിൽ വെട്ടിപ്പൊളിച്ച് കലുങ്ക് നിർമ്മിക്കുമ്പോൾ മറ്റേ പകുതിയിലൂടെ ഒറ്റവരി വാഹനഗതാഗതമാണ് നടത്തുന്നത്. ഇവിടങ്ങളിൽ പൊലീസ് രംഗത്തുണ്ടെങ്കിലും അവരുടെ നിയന്ത്രണങ്ങൾക്ക് അതീതമാണ് വാഹനപ്രവാഹം. ശനി, ഞായർ ദിവസങ്ങളിൽ ചെറായി ബീച്ചിലേക്കുള്ള വാഹനങ്ങൾ നിയന്ത്രണാതീതമാണ്. ചെറായി ജംഗ്ഷനുസമീപ പാതകളും വാഹനങ്ങളെക്കൊണ്ട് വീർപ്പുമുട്ടുകയാണ്.

 വാഹനങ്ങൾ വഴിതിരിച്ചുവിടണം

ചെറായിയിലേയും മുരിക്കുംപാടത്തെയും വാഹനകുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളിൽ നല്ലൊരു ഭാഗം വഴി തിരിച്ചുവിടണമെന്ന അഭിപ്രായമാണ് നാട്ടുകാർക്ക്. ചെറായിയിൽ മുനമ്പത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ സർവീസ് ബസ്സുകളും ലോറികളും ഒഴിച്ചുള്ളവ കരുത്തല സ്റ്റാർ വെസ്റ്റ് റോഡ് വഴിയും പറവൂർ ഭാഗത്തുനിന്ന് വരുന്നവ ചെറായി കൊമരന്തി പാലം വഴി ഗൗരീശ്വരം വരെയും വൈപ്പിൻഭാഗത്ത് നിന്ന് മുനമ്പത്തേക്ക് വരുന്നവ രക്തേശ്വരി റോഡ്, ചെറായി ബീച്ച് വഴിയും തിരിച്ചുവിടാവുന്നവയാണ്.

വൈപ്പിൻ, എറണാകുളം ഭാഗത്തുനിന്ന് വരുന്ന സർവീസ് ബസ് ഒഴിച്ചുള്ളവ തെക്ക് എൽ.എൻ.ജി റോഡ് വഴിയും വടക്ക് വളപ്പ് ബീച്ച് വഴിയും വഴി തിരിച്ചുവിട്ടാൽ മുരിക്കുംപാടം കലുങ്ക് നിർമ്മാണം നടക്കുന്നിടത്തെ വാഹനക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽസെക്രട്ടറി ആന്റണി സജി നിർദേശിക്കുന്നു. ഇതിനായി ഞാറക്കൽ പൊലീസ് ഇടപെടണം.

ഇപ്പോൾ പകുതി വീതിയിൽ നിർമ്മിക്കുന്ന കലുങ്കുകളുടെ നിർമ്മാണം കഴിഞ്ഞാൽ നിശ്ചിത ദിവസം കഴിഞ്ഞാലേ ഇതിലൂടെ വാഹനങ്ങൾ കടത്തി വിടാനാകൂ. അതിനു ശേഷമേ മറ്റേ പകുതിയിലൂടെ കലുങ്ക് നിർമ്മാണം ആരംഭിക്കാനാകൂ. കലുങ്ക് നിർമ്മാണം മൂലമുള്ള വാഹനക്കുരുക്ക് രണ്ടുമാസം കൂടി തുടരും. ഇതിനോടൊപ്പം മറ്റ് ഭാഗങ്ങളിൽ റിടാറിംഗ് നടന്നു വരുന്നു. പകുതി വീതിയിൽ ടാറിംഗ് നടക്കുമ്പോൾ ഒരു നിരയിലൂടെ മാത്രമേ വാഹനങ്ങൾക്ക് നീങ്ങാനാകൂ. ഇത് മൂലവും വാഹനക്കുരുക്ക് രൂപപ്പെടുന്നുണ്ട്. ടൂവീലറുകളും ചെറിയ വാഹനങ്ങളും ബീച്ച് റോഡ് വഴി തിരിച്ചുവിടുക മാത്രമാണ് ഇതിനുള്ള പരിഹാരം.