book-of-reccords
ഇന്ത്യബുക്ക് ഒഫ് റെക്കോഡ്സിൽ ഇടം നേടിയ തെങ്ങ്

കൊച്ചി: വിദ്യാർത്ഥി ആയിരിക്കെ കേന്ദ്ര സർക്കാരിൽനിന്ന് പെൻഷൻ വാങ്ങിയ ആദ്യവ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയ കൊച്ചി മരട് സ്വദേശി ജോർജ് പുല്ലാട്ടിന് വീണ്ടും ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ അംഗീകാരം.
ഇന്ത്യയിൽ ഒരു വർഷം ഏറ്റവും കൂടുതൽ തേങ്ങാ വിളയുന്ന തെങ്ങിനുള്ളതാണ് ഈ പുരസ്കാരം. ജോർജിന്റെ പുരയിടത്തിൽ നിൽക്കുന്ന തനിനാടൻ തെങ്ങാണ് ഉടമയോടൊപ്പം റെക്കോർഡ് ബുക്കിൽ ഇടം നേടിയത് . സംസ്ഥാന കൃഷി വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഒരു നല്ലതെങ്ങ് ഒരുവർഷം പരമാവധി 150 തേങ്ങാവരെ ഉൽപ്പാദിപ്പിക്കുമ്പോൾ ജോർജിന്റെ പറമ്പിലെ തെങ്ങിൽനിന്ന് വർഷം 360 തേങ്ങാവരെ വിളവ് ലഭിക്കും. കേരളകൗമുദിയിൽ ഉൾപ്പെടെ വാർത്തകളിൽ ഇടം നേടിയ ഈ തെങ്ങിനാണ് ഇപ്പോൾ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിന്റെ അംഗീകാരം.

എറണാകുളം മരട് ശങ്കർ നഗറിലാണ് ജോർജ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ 9 സെന്റ് പുരയിടത്തിലെ 4 തെങ്ങുകളിൽ ഒന്നാണ് അസാധാരണ വിളവ് നൽകുന്നത്. ഈ കല്പവൃക്ഷം നേരിൽ കാണാൻ താല്പര്യമുള്ളവർക്ക് ഏതുസമയത്തും പുരയിടം സന്ദർശിക്കാമെന്ന് ജോർജ് പറഞ്ഞു. മുമ്പ് പ്രതിരോധ സേനയിൽ ഉദ്യോഗസ്ഥനായിരിക്കെ ബി.എഡ് കോഴ്സിന് ചേരുകയും കോഴ്സ് പൂർത്തിയാകുന്നതിന് മുമ്പേ സർവീസിൽ നിന്ന് പെൻഷൻ പറ്റുകയും ചെയ്തതിന്റെ പേരിലാണ് ജോർജിന് ആദ്യത്തെ റെക്കോഡ് ലഭിച്ചത്. സേനയിൽ നിന്ന് വിരമിച്ചശേഷം സ്കൂൾ അദ്ധ്യാപകനായും ഇന്ത്യൻ റിസർവ് ബാങ്കിലും കസ്റ്റംസിലും ജോലി ചെയ്തു. കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ചശേഷമാണ് വീട്ടുമുറ്റത്തെ ഉദ്യാനകൃഷിയിൽ വ്യാപൃതനായത്. ചിത്രകാരൻ, മജീഷ്യൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായ ജോർജ് പുല്ലാട്ട് പ്രമുഖ സാമൂഹ്യപ്രവർത്തക ദയാഭായിയുടെ ഇളയ സഹോദരനുമാണ്.