sabari
ശബരി റെയിൽ പാതക്കായി കിഴക്കേക്കരയിൽ കല്ലിട്ട സ്ഥലം.

മൂവാറ്റുപുഴ: ശബരി പാതയ്ക്ക് ബജറ്റിൽ 2000 കോടി അനുവദിച്ചതോടെ റെയിൽ പാതക്ക് വേണ്ടി സ്ഥലം വിട്ടു നൽകിയ നൂറുകണക്കിന് കുടുംബങ്ങൾ പ്രതീക്ഷയിൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം തിരഞ്ഞെടുപ്പിനു മുമ്പത്തെ പാഴ് പ്രഖ്യാപനമായി മാറുകയില്ലെന്ന വിശ്വാസത്തിലാണ് മൂവാറ്റുപുഴ കിഴക്കേക്കരയിലടക്കം ശബരിപാതക്ക് സ്ഥലമെടുത്ത പ്രദേശങ്ങളിലെ നാട്ടുകാർ. രണ്ട് പതിറ്റാണ്ടു മുമ്പ് ഏറെ പ്രതീക്ഷയോടെ റെയിൽ പാതക്ക് വേണ്ടി സ്ഥലം വിട്ടു നൽകിയ നിരവധി കുടുംബങ്ങളാണുള്ളത്. മൂവാറ്റുപുഴയിൽ റെയിൽവേ സ്റ്റേഷനായി സ്ഥലം കണ്ടെത്തിയത് കിഴക്കേക്കര മേഖലയിലാണ്.ഇവിടെ മാത്രം 40 ൽ അധികം കുടുംബങ്ങളുടെ സ്ഥലമാണ് ഏറ്റെടുത്ത് കല്ലിട്ടു പോയത്. എല്ലാ വർഷവും ബജറ്റ് പ്രഖ്യാപനങ്ങൾ വരുമ്പോൾ ഇവർക്ക് ആശ്വാസമാണ്. എന്നാൽ പ്രഖ്യാപനങ്ങൾ മാത്രം ഉണ്ടായതല്ലാതെ ഒന്നും നടന്നില്ല. എന്നാൽ ഇക്കുറിയിലെ പ്രഖ്യാപനം പ്രതീക്ഷയേറുകയാണ്. പദ്ധതിയ്ക്കാവശ്യമായ പകുതി തുക നൽകാൻ സംസ്ഥാസർക്കാർ തീരുമാനം എടുത്തുവെന്നും 2000 കോടി അനുവദിച്ചുവെന്നുമുള്ള ബജറ്റിലെ പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

പാതയ്ക്കായി അലൈൻമെന്റ് നിശ്ചയിച്ചതോടെ ഭൂമി വിൽക്കാനോ, ബാങ്കിൽ പണയപ്പെടുത്താനോ , പഴകിയ വീടുകൾ അറ്റകുറ്റപണി നടത്താനോ സാധിക്കാതെ ജിവിതം വഴിമുട്ടിയ അവസ്ഥയിലായുരുന്നു നിരവധി കുടുംബങ്ങൾ. ജീവിതം ദുരിതത്തിലായ ഇവർ ഇതിൽ നിന്നും രക്ഷപെടാൻ ഒടുവിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നു കാണിച്ച് മനുഷ്യാവകാശകമ്മീഷനു വരെ പരാതികൾ പോയി. ഒട്ടേറെ സമരങ്ങളും നടന്നു. ശബരി പാത ഉടൻ യാഥാർഥ്യമാകുമെന്ന പ്രഖ്യാപനവുമായി പദയാത്ര നടത്തി സ്ഥാനാർത്ഥികൾ വോട്ട് തേടിയ സംഭവം വരെ അരങ്ങേറിയിട്ടുണ്ട്. അങ്കമാലിയിൽ നിന്നാരംഭിക്കുന്ന പാതയിൽ മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ വില്ലേജ് വരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അങ്കമാലി മുതൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എരുമേലി വരെ 115 കിലോമീറ്ററാണ് നീളം. പദ്ധതിയ്ക്കായി ഇനി ഏറ്റെടുക്കാനുള്ളത് 107 കിലോമീറ്ററാണ്.

പദ്ധതിയുടെ ചിലവ് 2816 കോടി രൂപ

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2816 കോടി രൂപയാണ് റെയിൽ പദ്ധതിയുടെ ചിലവ്. പദ്ധതിയുടെ ചിലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബജറ്റിൽ തുക അനുവദിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനു വഴിവയ്ക്കുന്ന 'റെയിൽപദ്ധതി പൂർത്തിയാകുന്നതോടെ ശബരിമല, ഭരണങ്ങാനം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കു അടക്കമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനാകും.