biju-ramesh

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശ് തെളിവായി കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തിരുന്നതിനാൽ വ്യാജതെളിവ് നൽകിയതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇൗ പരാതി തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

ബാർ കോഴക്കേസിൽ 2015 ലാണ് ബിജു രമേശ് മൊബൈൽ ഫോണും ശബ്ദരേഖയടങ്ങിയ സി.ഡിയും തെളിവായി മജിസ്ട്രേട്ട് കോടതിയിൽ നൽകിയത്. വ്യാജ തെളിവു നൽകിയതിനെതിരെ നടപടി വേണമെന്ന പരാതി കഴിഞ്ഞ നവംബർ 30നാണ് മജിസ്ട്രേട്ട് കോടതി തള്ളിയത്. ബാർ കോഴക്കേസുമായി ബന്ധമില്ലാത്ത ഹർജിക്കാരന് ഇത്തരമൊരു ഹർജി നൽകാനാവില്ലെന്നായിരുന്നു ബിജു രമേശിന്റെ വാദം.

കോടതിയുടെ ശ്രദ്ധയിൽപെടാതെ പോയ തെറ്റായ കാര്യം ചൂണ്ടിക്കാട്ടാൻ കേസിൽ കക്ഷിയല്ലാത്തവർക്കും അപേക്ഷ നൽകാനാവുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാജ തെളിവ് കോടതിയിൽ നൽകിയാൽ അതു തിരിച്ചറിയപ്പെടാതെ പോകരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.