abhaya-case

കൊച്ചി : സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണക്കോടതി വിധിക്കെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയുമാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. വിധി അനുചിതവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് അപ്പീലിൽ പറയുന്നു. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച മൂന്നാം പ്രതി സിസ്റ്റർ സെഫി ഇതുവരെ അപ്പീൽ നൽകിയിട്ടില്ല.

അപ്പീലിലെ വാദങ്ങൾ

അടയ്ക്കാ രാജു, ഷമീർ, കളർകോട് വേണുഗോപാൽ എന്നീ മൂന്നു പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഇൗ മൊഴികൾ അവിശ്വസനീയമാണ്. നിർണായകവുമല്ല. ഇവരിൽ നിന്നു ശേഖരിച്ച തെളിവുകൾ വിധിന്യായത്തിൽ ശരിയായി ചേർത്തിട്ടുമില്ല. ഇവയൊന്നും തന്നെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമല്ല. സംഭവദിവസം രാത്രി കോൺവെന്റിൽ ഫാ. തോമസ് കോട്ടൂരിനെ കണ്ടെന്ന് അടയ്ക്കാ രാജു മൊഴി നൽകിയിരുന്നു. ഇയാൾ മോഷ്ടിച്ച വാട്ടർ മീറ്ററുകളും ചെമ്പു പാത്രങ്ങളും ഷമീറിന്റെ പക്കലാണ് വിറ്റിരുന്നത്. അഭയ മരിച്ച ദിവസം രാജു വന്നിരുന്നതായി ഷമീർ മൊഴി നൽകിയിരുന്നു. തനിക്കൊരു തെറ്റു പറ്റിപ്പോയെന്ന് ഫാ. തോമസ് കോട്ടൂർ തന്നോടു പറഞ്ഞതായി ആലപ്പുഴ സ്വദേശി കളർകോട് വേണുഗോപാലും മൊഴി നൽകിയിരുന്നു. ഇൗ സാക്ഷി മൊഴികളുടെ വിശ്വാസ്യതയാണ് അപ്പീലിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. സി.ബി.ഐ കോടതിയുടെ വിചാരണയും ശിക്ഷാ വിധിയും എല്ലാ അർത്ഥത്തിലും വികലവും നിയമവിരുദ്ധവുമാണ്. വസ്തുതകൾക്കും സാഹചര്യത്തെളിവുകൾക്കും വിരുദ്ധമായാണ് വിധി പറഞ്ഞത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലിലും പ്രതികളുടെ വിചാരണയിലുമൊക്കെ ഗുരുതര വീഴ്ചകളുണ്ടായി. അന്തിമ വാദത്തിന്റെ ഘട്ടത്തിൽ പോലും പുതിയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനെ വിചാരണക്കോടതി അനുവദിച്ചു. 16 വർഷം കേസ് അന്വേഷിച്ചിട്ടും അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്താൻ സി.ബി.ഐക്കു കഴിഞ്ഞില്ല. എന്നാൽ 2008 നവംബർ ഒന്നിന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയുടെ കൊച്ചി യൂണിറ്റിലെ ഡിവൈ.എസ്.പി നന്ദകുമാർ നായർ 17 ദിവസത്തിനകം തങ്ങളെ അറസ്റ്റ് ചെയ്തു. അഭയയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.