മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് വാക്‌സിനേഷൻ നൽകുന്നത്. ജില്ലയിൽ ഘട്ടം ഘട്ടമായിട്ടാണ് കൊവിഡ് വാക്‌സിനേഷൻ സെന്ററുകൾ ഒരുക്കുന്നത്. ഒന്നാം ഘട്ടത്തിൽ കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ മൂവാറ്റുപുഴ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് എൽദോ എബ്രഹാം എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നേരത്തെ നിവേദനം നൽകിയിരുന്നു. രണ്ടാഘട്ടത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിക്കുന്നത്.