thadayana
കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെയുള്ള തടയണ നിർമ്മാണം നടക്കുന്ന പ്രദേശം എൽദോസ് കുന്നപ്പിളളി എം.എൽ.എ സന്ദർശിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെയുള്ള തടയണ നിർമ്മാണം ആരംഭിച്ചു. ജലസംരക്ഷണത്തിനായി പുന്നലം ഭാഗത്ത് നിർമ്മിക്കുന്ന തടയണ പദ്ധതിക്ക് 24 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. 7.5 മീറ്റർ വീതിയിൽ 11.5 മീറ്റർ നീളത്തിലുമാണ് തടയണ നിർമ്മാണം. കൂടാതെ മുകൾ ഭാഗത്ത് 2 മീറ്റർ വീതിയിൽ ടില്ലർ പോകാൻ കഴിയുന്ന തരത്തിൽ ടില്ലർ പാസ്സേജും ടില്ലർ പാടശേഖരത്തിലേയ്ക്ക് ഇറക്കാൻ റാമ്പും നിർമ്മിക്കും.ആറടി ഉയരത്തിലാണ് തടയണ നിർമ്മിക്കുന്നത്. തമ്പക മരം ഉപയോഗിച്ചു നിർമ്മിക്കുന്ന ഷട്ടറുകൾ ആവശ്യാനുസരണം മാറ്റി വെക്കുവാൻ കഴിയും. പെരിയാർ നദിയിലേക്ക് ഒഴുകി എത്തുന്ന തോടാണ് പുഞ്ചക്കുഴി തോട്. തോടിനോട് ചേർന്ന് കിടക്കുന്ന 110 ഏക്കറോളം വരുന്ന കോടനാട് കൂട്ടാടം പാടശേഖരത്തിലെ കൃഷി ഈ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

പഞ്ചായത്തിലെ ഏറ്റവും വലിയ തോടുകളിൽ ഒന്നായ ഇവിടെ തടയണ നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി നെൽ കർഷകർ ഉന്നയിക്കാറുണ്ട്. വേനൽ കാലമായൽ ഇവിടെ ജല ദൗർലഭ്യം മൂലം കർഷകർ കൃഷി ഇറക്കാറില്ല. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന തടയണ നശിച്ചു പോയതിന് ശേഷം ഉയർന്ന പ്രദേശത്തേക്ക് ജല ലഭ്യത ഉണ്ടായിരുന്നില്ല. ഇവിടെ തടയണ സാധ്യമായാൽ വേനൽ കാലത്ത് ഉയർന്ന പ്രദേശത്തെ നെൽ കർഷകർക്ക് പ്രയോജനകരമാകും. കൂടാതെ സമീപ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തടയണ സഹായകരമാകും.

പുന്നലം മുതൽ കാട്ടൂർ വരെയുള്ള ഭാഗങ്ങൾക്കും തടയണ ഗുണം ചെയ്യും. തടയണയോടൊപ്പം തോടിന്റെ 68 മീറ്റർ നീളത്തിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു പദ്ധതി നാടിന് സമർപ്പിക്കുമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച എൽദോസ് കുന്നപ്പിളളി എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ വിൽസൺ, വാർഡ് അംഗം സാംസൺ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.എൽദോ, ബിനു മാതംപറമ്പിൽ , ടി.പി എൽദോ, ശിവൻ കളപ്പാറ, സുന്ദരൻ ചെട്ടിയാർ, വിജയൻ മുണ്ടിയാത്ത്, എൽദോ, സിബി സുകുമാർ എന്നിവരും എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു.