വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ലൈറ്റ് ഹൗസിന് കിഴക്കും ആർ.എം.പി തോടിന് പടിഞ്ഞാറുമായി ഒഴുകുന്ന ബേരിയൽ തോട് ഏക്കൽ അടിഞ്ഞ്, മാലിന്യം നിറഞ്ഞ് , നീരൊഴുക്ക് നിലച്ച് നാശത്തിലേക്ക് പതിക്കുന്നു. ഒരു കിലോ മീറ്റർ നീളത്തിൽ പത്ത് മീറ്റർ വീതിയിലുമായി എക്കലും മരങ്ങളും അടിഞ്ഞ് വെള്ളം കയറ്റിറക്കമില്ലാതെ മൂടപ്പെട്ട നിലയിലാണ് ഇപ്പോൾ തോടിന്റെ സ്ഥിതി.
ഒരു കാലത്ത് ചെമ്മീനും മീനും കിട്ടിയിരുന്നതും കർഷകർക്കും മത്സ്യതൊഴിലാളികൾക്കും ഉപജീവന മാർഗവുമായിരുന്നു ബേരിയൽ തോട്. ഇപ്പോൾ വെള്ളം ഒഴുകി പോകാത്തതിനാൽ മഴയോ, വെള്ളപ്പൊക്കമോ ഉണ്ടായാൽ പരിസരമാകെ വെള്ളത്തിനടിയിലാകും. സ്ഥലത്ത് മത്സ്യകൃഷി നടത്തി വന്നിരുന്ന കർഷകർ ഒന്നൊന്നായി കൃഷിയിടം ഉപേക്ഷിക്കുകയാണ്. ബാങ്ക് ലോണും അമിത പലിശക്ക് കടം വാങ്ങിയുമാണ് കർഷകർ കൃഷി നടത്തി പോന്നിരുന്നത്. വെള്ളം കയറ്റിറക്ക് ഇല്ലാതായാതോടെ കർഷകരുടെ കൃഷി നഷ്ടത്തിലാകുകയും അവർ കടക്കെണിയിൽപ്പെട്ട് വലയുകയുമാണ്.
തോട് പൂർവ സ്ഥിതിയിലാക്കണം
ബേരിയൽ തോട് അടിയന്തിരമായി എക്കൽ നീക്കം ചെയ്ത് മാലിന്യങ്ങൾ മാറ്റി തോട് പൂർവ സ്ഥിതിയിലാക്കണമെന്നും കർഷകരുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകണമെന്നും ഒരു ലക്ഷം യുവ കർഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ.ബി സജീവ് ആവശ്യപ്പെട്ടു.