#ഒന്നിൽ ബി.ജെ.പി വന്നേക്കും

കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. എട്ട് സ്ഥിരംസമിതികളിൽ ആറെണ്ണത്തിൽ എൽ.ഡി.എഫും ഒരെണ്ണത്തിൽ യു.ഡി.എഫും ഭൂരിപക്ഷം നേടി. നികുതി അപ്പീൽ സമിതിയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതോടെ കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥിരംസമിതി ബി.ജെ.പിക്ക് ലഭിക്കാൻ വഴിയൊരുങ്ങി. 23ന് രാവിലെ 11 നാണ് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ്.

ധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യാസം കായികം, ആരോഗ്യം, നഗരാസൂത്രണം എന്നീ സ്ഥിരം സമിതികളാണ് എൽ.ഡി.എഫ് കരസ്ഥമാക്കിയത്. മരാമത്ത് സ്ഥിരംസമി​തിയിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എന്നാൽ നികുതി അപ്പീൽകാര്യ സ്ഥിരം സമിതിയിൽ ആർക്കും ഭൂരിപക്ഷമില്ല. ഇവിടെ ബി.ജെ.പി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി നാല്, യു.ഡി.എഫ് മൂന്ന്, എൽ.ഡി.എഫ് രണ്ട് എന്നിങ്ങിനെയാണ് കക്ഷിനില. അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ നികുതി അപ്പീൽകാര്യ സ്ഥിരംസമിതിയുടെ കാര്യത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് തീരുമാനങ്ങൾ നിർണായകമാകും. രണ്ട് കക്ഷികളും പരസ്പരധാരണയോടെ മത്സരിച്ചാൽ ബി.ജെ.പി പുറത്താകും. . എന്നാൽ നിലവിൽ അത്തരത്തിൽ ഒരു സാദ്ധ്യത നിലനിൽക്കുന്നില്ലെന്നാണ് ഇരുകക്ഷികളുടെയും നേതാക്കൾ പറയുന്നത്.

# മത്സരി​ക്കുമെന്ന് യു.ഡി​.എഫ്

തങ്ങൾ എന്തായാലും മത്സരിക്കുമെന്നും ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫിന് താത്പര്യമുണ്ടെങ്കിൽ അവർ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന നിലപാടിലാണ് യു.ഡി.എഫ് നേതൃത്വം. മത്സരത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവർ വിജയിക്കുമെന്നായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണം. ബി.ജെ.പി പിന്തുണയോടെ മരാമത്ത് സമിതി പിടിച്ചെടുത്ത യു.ഡി.എഫുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും എൽ.ഡി.എഫിലെ കൗൺസിലർമാർ പറയുന്നു.

അതേസമയം തങ്ങൾ അധികാരത്തിൽ എത്താതിരിക്കുന്നതിനായി ഇടത് വലത്കക്ഷികൾ എന്ത് ഒത്തുതീർപ്പിനും തയ്യാറാകുമെന്ന് ബി.ജെ.പി കൗൺസിലർമാർ കുറ്റപ്പെടുത്തി. കൊച്ചിയിൽ മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ഇതാണ് അവസ്ഥയെന്ന് കൗൺസിലർ സുധാദിലീപ്കുമാർ പറഞ്ഞു.
# വെട്ടി​ലായി​ എൽ.ഡി​.എഫ്

എന്തായാലും നിലവിലെ അവസ്ഥയിൽ വെട്ടിലായിരിക്കുന്നത് എൽ.ഡി.എഫ് ആണ്. സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുകയോ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ അത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയരും. തിരിച്ചായാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് ആയുധമാക്കുകയും ചെയ്യും.