കൊച്ചി: കുതിരാനിലെ ഇരട്ട തുരങ്കങ്ങളിൽ ഒന്നെങ്കിലും അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജൻ നൽകിയ ഹർജിയിൽ ദേശീയ പാത അതോറിട്ടിയോട് ഹൈക്കോടതി വിശദീകരണം തേടി.
ദേശീയപാത 47 ൽ മണ്ണുത്തി - വടക്കഞ്ചേരി സെക്ടർ ആറുവരിയാക്കാൻ 2009 ആഗസ്റ്റ് 24 നാണ് ഹൈദരാബാദ് ആസ്ഥാനമായ തൃശൂർ എക്സ്‌പ്രസ് വേ കമ്പനിക്ക് കരാർ നൽകിയത്. 11 വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായില്ല. നാലു തവണ കരാർ നീട്ടി. എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു. ഇപ്പോൾ നിർമ്മാണം നിലച്ചു. പൂർത്തിയായ ഭാഗങ്ങൾ പരിപാലിക്കുന്നില്ല. റോഡിൽ കുഴി രൂപപ്പെട്ടത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. കമ്പനിക്ക് പണി തീർക്കാനാവുമോയെന്ന് പരിശോധിക്കണം. പലഭാഗങ്ങളിലും സർവീസ് റോഡുകൾ നിർമ്മിക്കാത്തതിനാൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായി. ടണലുകൾ പൂർത്തിയാക്കാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജിയിലെ മറ്റാവശ്യങ്ങൾ
നിർമ്മാണം കരാറനുസരിച്ച് നടക്കുന്നെന്ന് ഉറപ്പാക്കണം.
നിരീക്ഷണത്തിന് ജുഡിഷ്യൽ കമ്മിറ്റിയെയോ മറ്റ് ഏജൻസിയെയോ നിയോഗിക്കണം.
നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണം.
തത്‌സ്ഥിതി റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കണം.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണം.