deva

കൊച്ചി : ദേവസ്വം ബോർഡ് വക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പിന്നാക്ക സംവരണം നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദത്തിനായി ജനുവരി 27 ലേക്ക് മാറ്റി.

ദേവസ്വം ബോർഡിന്റെ കോളേജുകളും സ്‌കൂളുകളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് വിലയിരുത്തി സംവരണം പാലിക്കാതെ നിയമനം നടത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോട്ടയം സ്വദേശി ജിനേഷ് ജോഷിയുടെ ഹർജിയിൽ ആരോപിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കോളേജുകളിൽ അസി. പ്രൊഫസർ നിയമനത്തിന് ഹർജിക്കാരൻ അപേക്ഷ നൽകിയിരുന്നു. സംവരണം പാലിക്കാതെയാണ് നിയമന നടപടികൾ പുരോഗമിക്കുന്നതെന്നും, ഹർജിയിൽ തീർപ്പുണ്ടാകും വരെ നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജിയിൽ

പറയുന്നത്

2015 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമ പ്രകാരം ദേവസ്വം ബോർഡിലെ നിയമന ചുമതല റിക്രൂട്ട്മെന്റ് ബോർഡിനാണ്. സംവരണ നിയമങ്ങൾ പാലിച്ച് നിയമനം നടത്താനുള്ള ബാദ്ധ്യതയും റിക്രൂട്ട്മെന്റ് ബോർഡിനുണ്ട്. എന്നാൽ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നു വിലയിരുത്തി ദേവസ്വം ബോർഡിന്റെ കോളേജുകളെയും സ്കൂളുകളെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിൽ നിന്നൊഴിവാക്കി. ഇതു നിമിത്തം സംവരണം പാലിക്കാതെയാണ് നിയമനങ്ങൾ നടത്തുന്നത്. ദേവസ്വം ബോർഡിന്റെ സ്കൂളുകളും കോളേജുകളും എയ്ഡഡ് സ്ഥാപനങ്ങളല്ല. സർക്കാർ സ്ഥാപനങ്ങളാണ്.

ആവശ്യങ്ങൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിൽ നിന്ന് ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയത് അസാധുവാക്കണം. സംവരണ നിയമങ്ങൾ പാലിച്ചു നിയമനങ്ങൾ നടത്താൻ ദേവസ്വം ബോർഡിനോടു നിർദ്ദേശിക്കണം. ദേവസ്വം ബോർഡിന്റെ കോളേജുകളിലെ അസി. പ്രൊഫസർ നിയമനം സംവരണം പാലിച്ചു നടത്താൻ പുനർവിജ്ഞാപനം ചെയ്യണം. ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എയ്ഡഡ് സ്ഥാപനങ്ങളല്ലെന്ന് പ്രഖ്യാപിക്കണം.