കോലഞ്ചേരി: ജാഗ്രത ലഹരി വിരുദ്ധ പ്രചാരണം ജില്ലയിൽ 54 പഞ്ചായത്തുകളിൽ പൂർത്തിയായി. സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷനും കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കും സംയുക്തമായി ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണമാണ് 'ജാഗ്രത '. ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 ന് അഡീ.എക്‌സൈസ് കമ്മീഷണർ ഡി.രാജീവ് ഐ.ഒ.എഫ്.എസ് ആണ് ജില്ലയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇതിനോടകം ജില്ലയിലെ വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, പാമ്പാക്കുട, കൂവപ്പടി, പറവൂർ, ആലങ്ങാട്, പള്ളുരുത്തി, വൈപ്പിൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളിലെ 54 പഞ്ചായത്തുകളിലും ആലുവ, അങ്കമാലി, കളമശ്ശേരി, നോർത്ത് പറവൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം, തൃക്കാക്കര എന്നീ 10 നഗരസഭകളിലും പ്രചാരണം പൂർത്തിയായി കഴിഞ്ഞു. യുവജനങ്ങളിലെ ലഹരി ഉപഭോഗത്തെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ ജെൻഡർ യൂത്ത് മൂവ്‌മെന്റ് ക്ലബ് അംഗങ്ങൾക്കിടയിലും വിവിധ ബോധവത്കരണ പരിപാടികൾ നടന്നു വരികയാണ്. കൗമാരക്കാരിലെ ലഹരി ഉപഭോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ ബാലസഭ വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേകം പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ടി.എ. അശോക് കുമാർ, അസി.കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ ജി.സജിത്കുമാർ, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ കെ.എ. ഫൈസൽ, കുടുംബശ്രീ ജില്ലാ മിഷൻ കൊ ഓഡിനേ​റ്റർ എസ്.രഞ്ജിനി, അസി.മിഷൻ കൊ ഓഡിനേ​റ്റർ കെ.ആർ.രാകേഷ്, പ്രോഗ്രാം മാനേജർ ഷൈൻ.ടി.മണി എന്നിവരാണ് പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.