കൊച്ചി:എറണാകുളം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ ) അധികൃതർ അറിയിച്ചു. അത്യാധുനിക രീതിയിലുള്ള നിർമ്മാണത്തിനായി 68.8 കോടി രൂപയാണ് ചെലവഴിക്കുന്നത്.
താത്കാലിക മാർക്കറ്റിലേക്ക്
മാറ്റും
നവീകരണത്തിന് മുന്നോടിയായി നിലവിലെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാർക്കറ്റിന് തൊട്ടടുത്തുള്ള ഇസ്ളാമിക സ്കൂൾ വളപ്പിലാണ് താത്കാലിക സംവിധാനം ഒരുക്കുന്നത്. ഇവിടെ 1.25 ഏക്കറോളം സ്ഥലമാണുള്ളത്. കച്ചവടത്തിനായി സ്റ്റീൽ കൊണ്ടുള്ള താത്കാലിക സ്റ്റാളുകൾ നിർമ്മിക്കും. സാധനങ്ങൾ ഇറക്കാനും കയറ്റാനുമുള്ള സൗകര്യമുണ്ടാവും. താത്കാലിക സൗകര്യം ഒരുക്കുന്നതിനായി 4.98 കോടി രൂപയാണ് സി.എസ്.എം.എൽ ചെലവഴിക്കുന്നത്. .മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. മാർച്ചിൽ ജോലികൾ പൂർത്തിയാകുമെന്ന് കഴിഞ്ഞ ശനിയാഴ്ച നടന്ന യോഗത്തിൽ കരാറുകാർ ഉറപ്പുനൽകിയിരുന്നു. മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം. എൽ.എ, കൗൺസിലർ മനു ജേക്കബ്ബ്, സി.എസ്.എം.എൽ എം.ഡി ജാഫർ മാലിക്, ഉദ്യോഗസ്ഥർ, വ്യാപാരിവ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നവീകരണ രൂപകല്പനയിൽ വ്യാപാരികളുടെയും സ്റ്റാൾ ഉടമകളുടെയും ആവശ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് മേയറും എം.പിയും ഓർമ്മിപ്പിച്ചു.
കോടതിവിധി തുണച്ചു
213 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്.രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വക്കഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ തർക്കംനിലനിൽക്കുന്ന ഭൂമിയായതിനാൽ കച്ചവടക്കാരെ ഇങ്ങോട്ടു മാറ്റുന്നതിനുള്ള നീക്കങ്ങൾ അനിശ്ചിതമായി നീളുകയായിരുന്നു. തുടർന്ന് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കച്ചവടക്കാരെ താത്കാലികമായി മാറ്റാൻ കണ്ടെത്തിയ വക്കഫ് സ്ഥലം എത്രയും വേഗം കൊച്ചി സ്മാർട്ട് മിഷന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചതോടെയാണ് പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞത്.
സ്കൂൾ വളപ്പ് ഒരുക്കുന്നു
ഇസ്ളാമിക വളപ്പിൽ താത്കാലിക മാർക്കറ്റ് നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. സ്കൂൾ വളപ്പ് വൃത്തിയാക്കി. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി.