മുളന്തുരുത്തി: മേൽപ്പാലം റെഡ്യായി. പക്ഷേ അപ്രോച്ച് റോഡ് ഒന്നുമായില്ല. ചെങ്ങോലപ്പാടത്താണ് വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനമില്ലാത്തതു മൂലം അവതാളത്തിലായ മേൽപ്പാലം സ്ഥിതിചെയ്യുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തെ തുടർന്നാണ് ഇവിടെയൊരു റെയിൽവെ മേൽപ്പാലം ഉയർന്നത്. എന്നാൽ വിവിധ വിഷയങ്ങളിൽ കുടുങ്ങി അപ്രോച്ച് റോഡ് നിർമ്മാണം എങ്ങുമെത്തിയില്ല. ഇതോടെ ജനങ്ങൾക്ക് ഇപ്പോഴും മണിക്കൂറോളം റെയിൽവെ ഗെയിറ്റിന് മുന്നിൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മണിക്കൂറുകളോളം ഗേറ്റിൽ കാത്തു കിടക്കേണ്ട സാഹചര്യമാണ്. നിലവിൽ കൊവിഡ് മൂലം ട്രെയിനുകൾ കുറവായതിനാൽ ഗേറ്റ് അടയ്ക്കുന്നത് കുറവാണെന്നാണ് ഏക ആശ്വാസം.
ജോസ് കെ.മാണി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് മേൽപ്പാലത്തിന് അനുമതി ലഭിച്ചത്.എന്നാൽ റെയിൽവെ പാലത്തിന്റെ അലൈൻമെന്റ് തീരുമാനിച്ച ഘട്ടം മുതൽ പ്രശ്നങ്ങൾ തുടങ്ങി. അലൈൻമെന്റ് ശരിയല്ലെന്നായിരുന്നു ജനങ്ങളുടെ പൊതു അഭിപ്രായം. ഇതിനിടെ റെയിൽവെ മേൽപ്പാലം നിർമ്മിച്ചു. പക്ഷേ അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടത് സംസ്ഥാന സർക്കാരായിരുന്നു. ഇതിനായി പാടം ഏറ്റെടുക്കേണ്ടതടക്കം നിരവധി കടമ്പളുണ്ടായിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളും ഉയർന്നു. ഇത് സ്ഥലമേറ്റെടുപ്പ് വൈകിപ്പിച്ചു. അവയെല്ലാം പരിഹരിച്ചുവെങ്കിലും പ്രശ്നം തീർന്നില്ല. അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമായ ഫണ്ടില്ലാത്തതാണ് തിരിച്ചടിയായത്. ഫണ്ട് അനുവദിച്ച് അപ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെങ്ങോലപ്പാടത്തെ റെയിൽവെ ഗേറ്റ് മൂലം ഏറ്റവും കൂടുതൽ ദുരിതം ഓട്ടോറിക്ഷാക്കാർക്കാണ്. ചോറ്റാനിക്കര ഭാഗത്തേയ്ക്ക് ട്രിപ്പുമായി പോകുവാൻ പോലും കഴിയില്ല. പോയാൽ ഗേറ്റിനപ്പുറത്ത് പെട്ടു പോകും.ഇപ്പോൾ ട്രെയിൻ കുറവായതിനാൽ ആശ്വാസമുണ്ട്
സണ്ണി
ഓട്ടോ ഡ്രൈവർ