കൊച്ചി: ദളിത് വിരോധമാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും മുഖമുദ്രയെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ലാൻസിംഗ് ആര്യ പറഞ്ഞു. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാശില്പിയും ആദ്യ നിയമമന്ത്രിയുമായിരുന്ന ഡോ.അംബേദ്കറെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസും അവരുടെ സർക്കാരുകളും ശ്രമിച്ചത്. 57 വർഷം ഭരിച്ച കോൺഗ്രസ് പട്ടികജാതിക്കാർക്കായി ഒന്നും ചെയ്തില്ല. അംബേദ്കറുടെ സ്മരണ നിലനിറുത്താൻ വേണ്ട നടപടി സ്വീകരിച്ചത് വാജ്പേയ്, നരേന്ദ്ര മോദി സർക്കാരുകളാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പട്ടികജാതി - വർഗക്കാർക്കായി ഒന്നും ചെയ്യുന്നില്ല.
കർഷകർക്ക് വലിയ ഗുണം ചെയ്യുന്ന കാർഷിക ബില്ലിനെതിരെ സി.പി.എമ്മും കോൺഗ്രസും നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലാൻസിംഗ് ആര്യ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.എം.മോഹനൻ, അഡ്വ.സ്വപ്നജിത്ത്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു തുടങ്ങിയവർ പങ്കെടുത്തു.