മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് നഗരസഭാ ചെയർമാൻ പി.പി എൽദോസ് നിർവ്ഹിക്കും.വൈസ് ചെയർപേഴ്‌സൺ സിനി ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം.അബ്ദുൾസലാം, അജി മുണ്ടാട്ട്, രാജശ്രീ രാജു, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എൻ പി കൃഷ്ണരാജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രതിദിനം നൂറ് പേർക്ക് വീതമാണ് വാക്‌സിൻ കുത്തിവയ്പ് നടത്തുക. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെയാണ് പരിഗണിക്കുന്നത്.

ഇതിന് പുറമെ ജനറൽ ആശുപത്രിയുടെ വികസനം ലക്ഷ്യമാക്കി മൂന്ന് പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കും. 22 ന് വൈകിട്ട് 4.30 ന് ഡീൻ കുര്യാക്കോസ് എം.പി.യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ കൈമാറ്റവും നടക്കും. സഞ്ചരിക്കുന്ന എക്‌സറെ യൂണിറ്റ്, വെൻറിലേറ്റർ എന്നിവയാണ് ജനറൽ ആശുപത്രിക്ക് എം പി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിരിക്കുന്നത്.