കോലഞ്ചേരി: കാർഷിക സർവകലാശാലയിലെ ബി.എസ്.സി ഹോണേഴ്‌സ് അഗ്രികൾച്ചർ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പരിപാടിക്ക് ഐക്കരനാട്ടിൽ തുടക്കം കുറിച്ചു. നാലാം വർഷ വിദ്യാർത്ഥികൾ അവരുടെ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി കർഷകരോട് കൂടുതൽ അടുത്തിടപഴകുവാനും, പ്രശ്‌നങ്ങൾ പഠിച്ച് പരിഹാര പ്രൊജക്ടുകൾ, സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ തയ്യാറാക്കി പഞ്ചായത്തുകൾക്ക് നൽകുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. 13 വിദ്യാത്ഥികൾ അടങ്ങുന്ന സംഘം ഐക്കരനാട് പഞ്ചായത്തിൽ താമസിച്ചാണ് പഠനം. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൗലി ബെന്നി അദ്ധ്യക്ഷയായി. കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ബെറിൻ പത്രോസ്, കെ.എം ദിവ്യ എന്നിവർ കർഷകരുമായി സംവദിച്ചു. പഞ്ചായത്തംഗങ്ങളായ സത്യ പ്രകാശ്, പ്രസന്ന, മാതൃൂസ്, കൃഷി ഓഫീസർ അൻജു പോൾ, കൃഷി അസിസ്റ്റന്റ് രശ്മി കേളു എന്നിവർ സംസാരിച്ചു.