അങ്കമാലി: കൊവിഡ് എന്ന മഹാമാരിക്കുമേൽ മനുഷ്യരാശിയുടെ വിജയത്തിനെ സൂചിപ്പിച്ചുകൊണ്ട് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ കൊവിഡ് പ്രതിരോധശില്പം ഒരുക്കി.കൊവിഡ് വൈറസിനുമേൽ വാക്സിൻ സിറിഞ്ജ് കുത്തി ഇറങ്ങുന്ന 12 അടിയോളം ഉയരം വരുന്ന ശില്പമാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. തൃപ്പുണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശില്പാലയ എന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്‌മയാണ് ഇതിന് പിന്നിൽ. ഏതൊരു വിപത്ത് വന്നാലും അതിനെയെല്ലാം മറികടക്കാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെയും നമ്മളുടെ ശാസ്‌ത്രജ്ഞന്മാരുടെ തോൽവി സമ്മതിക്കാൻ തൈയ്യാറാവാത്ത മനസിന്റെയും വിജയമാണ് ഇതെന്നും അതിനെ സൂചിപ്പിക്കുന്നതും ആദരിക്കുന്നതുമാണ് ഈ ശില്പമെന്നും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സി.ഇ.ഒ നീലകണ്ണൻ പി. അഭിപ്രായപ്പെട്ടു. കൊവിഡ് എന്ന മഹാമാരിയോടു തോൽക്കില്ല എന്നതിന്റെ കലാപരമായ ആവിഷ്‌കാരമാണ് ഈ രൂപമെന്ന് ആശുപത്രിയുടെ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ഡോ. രമേശ് രവീന്ദ്രൻ പറഞ്ഞു. കൊവിഡ് വാക്‌സിൻ തീർത്തും സുരക്ഷിതമാണെന്നും അടുത്ത ഘട്ടങ്ങളിൽ പോതുജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.