കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസി നൽകിയ കുറ്റപത്രത്തിന്റെ പകർപ്പിനായി പ്രതിഭാഗം നൽകിയ അപേക്ഷ എറണാകുളത്തെ എൻ.ഐ.എ കോടതി ജനുവരി 25 നു പരിഗണിക്കാൻ മാറ്റി. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ കേസിൽ അന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ വിചാരണ ഘട്ടത്തിൽ കുറ്റപത്രത്തിന്റെ പകർപ്പു നൽകിയാൽ മതിയെന്നാണ് എൻ.ഐ.എയുടെ വാദം.
കുറ്റപത്രത്തിന്റെ പകർപ്പിന് പ്രതികൾക്ക് അവകാശമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. നേരത്തെ എൻ.ഐ.എ നൽകിയ കുറ്റപത്രത്തിലെ പത്തു സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി അനുമതി നൽകിയിരുന്നു. വിവരങ്ങളും മൊഴികളും പ്രതിഭാഗത്തിനോ പൊതുസമൂഹത്തിനോ ലഭിക്കുന്നത് ഇവരുടെ ജീവനു ഭീഷണിയാണെന്ന എൻ.ഐ.എയുടെ വാദം കണക്കിലെടുത്തായിരുന്നു ഇത്.