പറവൂർ: വീതികുറഞ്ഞ കരിപ്പായിക്കടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷൻകടവ് പാലം തുറന്നതോടെ ഓരോ ദിവസവും ഇതിലൂടെയുള്ള വാഹന ഗതാഗതം വർദ്ധിക്കുകയാണ്. വാഹനങ്ങൾ കൂടിയതോടെ പാലത്തിൽ ഏപ്പോഴും ഗതാഗത കുരുത്ത് അനുഭവപ്പെടുന്നുണ്ട്. പറവൂരിൽ നിന്നും ചേന്ദമംഗലം, പുത്തൻവേലിക്കര വഴി മാള, ചാലക്കുടി തുടങ്ങിയ ഭാഗത്തേയ്ക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന വഴിയിലാണ് പാലം. പറവൂരിൽ നിന്ന് ഇതിലൂടെ മാളയിലേക്കുള്ള ദൂരം 16 കിലോമീറ്ററാണ്. മാഞ്ഞാലി വഴി ചുറ്റിപ്പോയാൽ 26 കിലോമീറ്റർ സഞ്ചരിക്കണം. സ്റ്റേഷൻകടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലം വന്നതോടെ ഇതിലൂടെയുള്ള വാഹനഗതാഗതം വർധിച്ചു. പുത്തൻവേലിക്കരയിലെ ഒട്ടേറെയാളുകൾ എളുപ്പത്തിൽ പറവൂരിലെത്താൻ ഈ വഴി തന്നെയാണ് തിരഞ്ഞെടുക്കുന്നത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്ന വഴിയാണ്. 140 മീറ്റർ നീളവും 4.25 മീറ്റർ വീതിയുള്ള പാലത്തിലൂടെ ഒരു ബസ് കയറിയാൽ എതിരെ വാഹനത്തിന് പോകാനാകില്ല.
സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും
റോഡിൽ ഉണ്ടാകുന്ന തിരക്കു കണക്കിലെടുത്ത് സമാന്തര പാലം പണിയണമെന്നും സമീപത്തെ റോഡിനു വീതി കൂട്ടണമെന്നുമുള്ള ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ശ്രമിക്കുമെന്നും ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അംഗം കെ.ആർ. പ്രേംജി പറഞ്ഞു.