klm
നിർമ്മാണം പൂർത്തിയാകുന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി

കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്ന് വരുന്ന മിനി ജലവൈദ്യുത പദ്ധതി 2021 മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് വകുപ്പ് മന്ത്രി എം.എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ, ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ നിലവിലെ സ്ഥിതിയും, പ്രസ്തുത പ്രൊജക്ട് വേഗത്തിൽ പൂർത്തീകരിച്ച് സമയബന്ധിതമായി കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ബൾബ് ടൈപ്പ് ടർബൈൻ പദ്ധതിയാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നതെന്നും സമയബന്ധിതമായി പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ 90% വർക്കുകളും പൂർത്തിയായതായും 231. 21 കോടിയുടെ പദ്ധതിയാണെന്നും പദ്ധതിയുടെ ഉല്പാദനശേഷി 83.5 മില്യയൻ യൂണീറ്റാണെന്നും മന്ത്രി പറഞ്ഞു. പൂർത്തീകരിക്കാനുള്ള മറ്റുവർക്കുകൾ ഉടൻ പൂർത്തീകരിച്ച് പദ്ധതി മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.