കൊച്ചി: നഗരത്തിൽ സൈക്ലിംഗ് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) സ്മാർട്ട് റോഡുകളിലുടനീളം സൈക്കിൾ ട്രാക്കുകൾ ഒരുക്കുന്നു. ആരോഗ്യകരമായ ഗതാഗത മാർഗം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നത്. ജർമ്മൻ ഡെവലപ്‌മെന്റ് ഏജൻസിയായ ജി.ഐ.ഇസഡിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ചിംഗ് ചലഞ്ചിന്റെ ഭാഗമായി ട്രാക്കുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ 16ന് തുടങ്ങി. 25നകം നിർമ്മാണം പൂർത്തിയാക്കും. തുടർന്ന് ആദ്യഘട്ടമായി സ്മാർട്ട് റോഡുകളിൽ സ്ഥിരമായ സൈക്കിൾ ട്രാക്കുകൾ വികസിപ്പിക്കാനും സി.എസ്.എം.എല്ലിന് പദ്ധതിയുണ്ട്. കൊച്ചി നഗരത്തിലെയും ഫോർട്ട് കൊച്ചിയിലെയും അഞ്ച് സ്മാർട്ട് റോഡുകളിലും സൈക്കിൾ ട്രാക്കുകൾ ഉണ്ടാകും. മാർച്ച് 31നകം ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുനൽകും. ദീർഘകാലാടിസ്ഥാനത്തിൽ, കൊച്ചി നഗരത്തിലുടനീളം സൈക്കിൾ ട്രാക്കുകൾ ഒരുക്കുമെന്ന് സി.എസ്.എം.എൽ സി.ഇ.ഒ ജാഫർ മാലിക് പറഞ്ഞു. കോർപ്പറേഷൻ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഈ രംഗത്തെ വിദഗ്ദ്ധ തുടങ്ങിയവരെയും ഇതുസംബന്ധിച്ച പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. പുതിയ സൈക്കിൾ ട്രാക്കുകൾ പൊതുജനങ്ങളുടെ ചിന്താഗതി മാറ്റുന്നതിനും സൈക്ലിസ്റ്റ് സൗഹൃദ റോഡുകൾ വികസിപ്പിക്കുന്നതിനുമുള്ള ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.