ആലുവ: യു.സി കോളേജിനു സർക്കാർ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചു നിർമിക്കുന്ന ശതാബ്ദി സ്മാരക ലൈബ്രറി മന്ദിരത്തിനു മുൻ മുഖ്യമന്ത്രി പി.കെ.വിയുടെ പേരിനൊപ്പം പി. ഗോവിന്ദപ്പിള്ളയുടെയും പേരിടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.ബജറ്റ് ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 'ഇരുവരും കോളജിലെ പൂർവ വിദ്യാർത്ഥികളാണ്. എന്നാൽ പി.കെ.വിക്ക് തുല്യനാണ് ഗോവിന്ദപ്പിള്ളയെന്നു കരുതുന്നില്ല. പി.ജിയുടെ പേരിടുമ്പോൾ യു.സിയിൽ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള, പൂർവ വിദ്യാർത്ഥികളായ നിത്യചൈതന്യയതി, മലയാറ്റൂർ രാമകൃഷ്ണൻ, സി.എം. സ്റ്റീഫൻ, ഡോ. പി.സി. അലക്‌സാണ്ടർ തുടങ്ങി ഒട്ടേറെ പ്രഗത്ഭരെയും പരിഗണിക്കേണ്ടതുണ്ട്. തിരു - കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയും തിരുവതാംകൂറിലെ അവസാന പ്രധാനമന്ത്രിയുമായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയും യു.സിയിലെ വിദ്യാർത്ഥിയായിരുന്നു. കോളേജിനു ഫണ്ട് നൽകുന്നതു സർക്കാരാണ്, സി.പി.എം അല്ല. ലൈബറിക്കു പേരിടുന്ന കാര്യത്തിൽ കോളേജ് മാനേജ്‌മെന്റിന്റെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം സർക്കാർ തേടിയില്ലെന്നും' എം.എൽ.എ പറഞ്ഞു.