കൊച്ചി: മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ 1339 പൊതു വിദ്യാലയങ്ങൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി നാലര വർഷം കൊണ്ടാണ് ഇത്രയും വിദ്യാലയങ്ങൾ ജില്ലയിൽ ഹൈടെക്കായത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഡി.എസ്.ആർ.എൽ. കാമറ, മൾട്ടിഫംഗ്ഷനിംഗ് പ്രിന്റർ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളുടെ സഹായത്തോടെ പാഠഭാഗങ്ങൾ കുട്ടികളുടെ മുന്നിലെത്തും. കിഫ്ബിയിൽ നിന്നും 46.5 കോടിയും പ്രാദേശിക തലത്തിൽ 13.43 കോടിയും ഉൾപ്പെടെ 59.93 കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ നടപ്പിലാക്കിയത്.പദ്ധതിയുടെ ഭാഗമായി 192 ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ് യൂണിറ്റുകളിലായി 10335 അംഗങ്ങളുണ്ട്. 14206 അദ്ധ്യാപകർ ജില്ലയിൽ പ്രത്യേക ഐടി പരിശീലനം നേടി. ജില്ലയിൽ ഹൈടെക് പദ്ധതികളിൽ കൈറ്റ് ഏറ്റവും കൂടുതൽ ഐ.ടി ഉപകരണങ്ങൾ വിന്യസിച്ചത് എൻ.എൻ.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂരാണ്. (268) കെ.പി.എം. വി.എച്ച്.എസ്.എസ് പൂത്തോട്ടയും (239) എസ്.എൻ.എച്ച്.എസ്.എസ് ഒക്കലും (238) ആണ് തൊട്ടടുത്ത്.
28,741 ഐ.ടി ഉപകരണങ്ങൾ നൽകി
സർക്കാർ,എയിഡഡ് വിഭാഗത്തിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളുള്ള 863 സ്കൂളും എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 476 സ്കൂളും ഹൈടെക് വിന്യാസം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 28,741 ഐ.ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകി. 8811 ലാപ്‌ടോപ്പ്, 5412 മൾട്ടിമീഡിയ പ്രൊജക്ടർ, 7363 യു.എസ്.ബി. സ്പീക്കർ, 3482 മൗണ്ടിംഗ് അക്‌സസറീസ്, 1916 സ്‌ക്രീൻ, 431 ഡി.എസ്.എൽ.ആർ ക്യാമറ, 407 മൾട്ടിഫംഗ്ഷൻ പ്രിന്റർ, 476 എച്ച്.ഡി വെബ്ക്യാം, 443, 43 ഇഞ്ച് ടെലിവിഷൻ എന്നിവ ജില്ലയിൽ വിന്യസിച്ചു. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.
വിദ്യാലയങ്ങൾ പഴയ പ്രൗഡിയിലേക്ക്:
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പല വിദ്യാലയങ്ങളും പഴയ പ്രൗഡി വീണ്ടും തിരിച്ചെടുത്തു. നിരന്തര പരിഷ്‌ക്കരണം, അക്കാഡമിക തലത്തിലും വിദ്യാലങ്ങളിലെ ഭൗതിക സാഹചര്യത്തിനും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയ അതിവേഗം സാങ്കേതികാധിഷ്ഠിതമായി മാറി. കുട്ടികളുടെ പഠനനിലവാരം അദ്ധ്യാപകർക്ക് വിലയിരുത്താനും കുട്ടികളുടെ സമഗ്രവിവരം അദ്ധ്യാപകർക്ക് ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള സാങ്കേതികാധിഷ്ഠിത സംവിധാനങ്ങൾ അനന്ത സാദ്ധ്യതകളാണ് ഒരുക്കിയിട്ടുള്ളത്. സമയതം, സമഗ്രം, സമ്പൂർണ തുടങ്ങിയ സോഫ്റ്റ് വെയർ അധിഷ്ഠിത സംവിധാനങ്ങളാണ് സ്‌കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.
പി.എൻ സജിമോൻ
കൈറ്റ് കോഡിനേറ്റർ