പറവൂർ: പുത്തൻവേലിക്കര ഐ.എച്ച്.ആർ.ഡി കോളജിനായി സ്ഥലം വിട്ടുകൊടുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. മാനാഞ്ചേരിക്കുന്നിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് കോളജിന് കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം നൽകാനാണ് തീരുമാനം. നിലവിൽ ഇളന്തിക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിൽ വാടകയ്ക്കാണ് കോളജ് പ്രവർത്തിക്കുന്നത്. എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകൾക്ക് സ്വന്തമായി അഞ്ച് ഏക്കറും കെട്ടിടവും വേണമെന്ന നിബന്ധനയുണ്ട്. മതിയായ സൗകര്യമില്ലാത്ത ഐ.എച്ച്.ആർ.ഡി കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന് യൂണിവേഴ്സിറ്റി പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കോളജ് നഷ്ടപ്പെടാതെ പുത്തൻവേലിക്കരയിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും ജനങ്ങളും രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് ഐക്യകണ്ഠേനയാണ് സ്ഥലം വിട്ടുകൊടുക്കാൻ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് റോസി ജോഷിയും വൈസ് പ്രസിഡന്റ് എം.പി. ജോസും പറഞ്ഞു.