മൂവാറ്റുപുഴ: നറുക്കെടുപ്പിലൂടെ ഇരുമുന്നണികളും അധികാരത്തിലെത്തിയ ആയവനപഞ്ചായത്തിലെ കമ്മിറ്റികളല്ലാം ഇടതുമുന്നണിയ്ക്ക്. യു.ഡി.എഫിനെ പിന്തുണച്ച സ്വതന്ത്രനും, ഒരു കോൺഗ്രസ് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞടെുക്കുന്ന കമ്മിറ്റിയിൽ നിന്നും വിട്ടു നിന്നതോടെയാണ് എൽ.ഡി.എഫിന് ലഭിച്ചത്. രണ്ട് അംഗങ്ങൾ വിട്ടുനിന്നതോടെ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒന്നിലും ഇവർക്ക് ഭൂരിപക്ഷമില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗം പിന്തുണച്ചതിനെ തുടർന്ന് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായതോടെ നടന്ന നറുക്കെടുപ്പിലാണ് യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നേടാനായത്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിൽ എൽ.ഡി.എഫിന് ലഭിക്കുകയും ചെയ്തു.14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികൾക്കും 7 അംഗങ്ങൾ വീതമാണുള്ളത്. ആറ് അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫിനെ സ്വതന്ത്ര അംഗം പിന്തുണച്ചതോടെയാണ് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയത്. നറുക്കടുപ്പിലൂടെ മുസ്ലിം ലീഗ് അംഗം സുറുമി അജീഷ് പ്രസിഡന്റും സി.പി.എമ്മിലെ രാജൻ കടക്കോട് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തിരുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ വൈസ് പ്രസിഡന്റ് രാജൻ കടക്കോടാണ്. അംഗങ്ങളായി ജെയിംസ്.എൻ.ജോഷി, രമ്യ.പി.ആർ, ഉഷ രാമകൃഷ്ണൻ. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി സി.പി.ഐയിലെ രഹ്ന സോബിനെ തിരഞ്ഞെടുത്തു. അംഗങ്ങളായി ജോളി വാമറ്റം, അന്നകുട്ടി മാത്യൂസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനായി സിപിഎമ്മിലെ എം.എസ്.ഭാസ്‌കരനെ തെരഞ്ഞെടുത്തു. അംഗങ്ങളായി മിനി വിശ്വനാഥൻ, ജോസ് പൊട്ടൻപുഴ. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി സി.പി.എമ്മിലെ ജൂലി സുനിലിനെ തിരഞ്ഞെടുത്തു.