road
മൂവാറ്റുപുഴ- കാക്കനാട് റോഡിലെ വീട്ടുർ ഭാഗത്തുനിന്ന് റോഡിന്റെ നവീകരണത്തിന് തുടക്കമായപ്പോൾ.....

മൂവാറ്റുപുഴ: മൂവാറ്റുപുഴ - കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതൽ വീട്ടൂർവരെയുള്ള റോഡ് നവീകരിച്ച് മനോഹരമാക്കുന്നു. റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിള്ളി മുതൽ വീട്ടൂർവരെയുള്ള റോഡ് നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കാക്കനാട് ജില്ലാ സിവിൽ സ്റ്റേഷനിലേക്കുള്ള മൂവാറ്റുപുഴ - കാക്കനാട് റോഡ് ആരംഭിക്കുന്നത് എം.സി റോഡിലെ വാഴപ്പിള്ളിയിൽ നിന്നാണ്. റോഡിന്റെ അഞ്ച് കിലോമീറ്റർ വരുന്ന പായിപ്ര പഞ്ചായത്ത് അവസാനിക്കുന്ന വീട്ടൂർ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. ഈ ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രധാന റോഡുകളെല്ലാം തന്നെ ബി.എം.ബി.സിനിലവാരത്തിൽ ടാർ ചെയ്തപ്പോൾ മൂവാറ്റുപുഴ - കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സർവേ ഇൻവെസ്റ്റിഗേഷൻ നടപടികളും പൂർത്തിയാക്കിയിരുന്നു. വിശദ പ്രൊജക്ട് തയ്യാറാക്കുകയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനും നീക്കങ്ങൾ ആരംഭിച്ചിരുന്നു. 1600 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സ്ഥലമെടുപ്പിനും റോഡ് നിർമ്മാണത്തിനുമായി തയ്യാറാക്കിയത്.

# നാലുകോടിയുടെ നിർമ്മാണ പ്രവർത്തനം

എന്നാൽ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധവും ശക്തമായതോടെ നാലുവരിപ്പാതയ്ക്ക് കാത്ത് നിൽക്കാതെ തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ ഭാഗവും കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ മനക്കക്കടവ് മുതൽ നെല്ലാട് വരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിള്ളി മുതൽ വീട്ടൂർ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചത്. റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിനും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെ ഓടകളുടെയും കലുങ്കുകളുടെയും നവീകരണവും മുന്നറിയിപ്പ് ബോർഡുകളും റിഫ്ളക്‌സ് ലൈറ്റുകളടക്കം സ്ഥാപിച്ച റോഡ് അതിമനോഹരമാക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ഇതോടൊപ്പം തന്നെ റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും എം.എൽ.എ പറഞ്ഞു.