tank
പേരാമംഗലം മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ടാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പേരാമംഗലം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ടാങ്കിരിക്കുന്ന സ്ഥലത്തിന്റെ അടിത്തറയിളക്കുന്നതായി നാട്ടുകാരുടെ പരാതി. ടാങ്ക് ഇടിഞ്ഞുവീഴാറായതോടെ പംമ്പിംഗ് നിലയ്ക്കുകയും പ്രദേശത്തെ ജലവിതരണം തടസപ്പെടുകയും ചെയ്തു. ആയവന ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 50ഓളം കുടുബങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന പേരമംഗലം മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലം സ്വകാര്യ വ്യക്തി ഇടിച്ചുനിരത്തുകയും പൈപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ആരോപിച്ച് പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. പേരാമംഗലം നിവാസികൾക്ക് കാർഷിക ആശ്യത്തിനും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ നിരുറവ ലഭ്യമാക്കുന്നതിനുമായി 2007-08 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയതാണ് പേരാമംഗലം മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. കാളിയാർ പുഴയുടെ തീരത്ത് അയ്യപ്പൻകോവിൽ കടവിൽ സ്ഥാപിച്ചിട്ടുള്ള കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പേരംമംഗലത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തിച്ച് ജലവിതരണം നടത്തുന്നതാണ് പദ്ധതി.

പരാതി നൽകി

പദ്ധതിയുടെ നടത്തിപ്പിനായി ഉപഭോകൃത സമിതി രൂപീകരിക്കുകയും ജലവിതരണം, അറ്റകുറ്റപ്പണികൾ അടക്കം മേൽനോട്ടം വഹിക്കുന്നത് ഗുണഭോകൃത സമിതിയുടെ നേതൃത്വത്തിലാണ്. എന്നാൽ സ്വകാര്യ വ്യക്തി ടാങ്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുകയും ഗുണഭോകൃത സമിതി അറിയാതെ പദ്ധതിയുടെ വാട്ടർ ടാങ്ക് നീക്കം ചെയ്യുകയും പൈപ്പുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇതോടെ പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തോ ഗുണഭോകൃത സമിതിയോ അറിയാതെ ടാങ്കിനും പൈപ്പിനും കേടുപാടുകൾ വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ട വകുപ്പ് മേധവികൾക്കും പരാതി നൽകിയത്.