doner

കൊച്ചി: 2012 നും 2020 നുമിടയിൽ സംസ്ഥാനത്ത് നടന്നത് 879 അവയവമാറ്റങ്ങളും 321 മസ്തിഷ്‌ക മരണശേഷമുള്ള അവയവദാനങ്ങളും. മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച 1994 ലെ നിയമപ്രകാരമുള്ള (ട്രാൻസ്‌പ്ളാന്റേഷൻ ഒഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് 1994) മസ്തിഷ്‌കമരണം പ്രഖ്യാപിക്കുന്നതിൽ വീഴ്ച. ആശുപത്രികൾ മുൻകൈയെടുത്ത് ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്താൽ ഒട്ടേറെ ജീവനുകൾ രക്ഷിയ്ക്കാനാവുമെന്ന് കേരളാ നെറ്റ് വർക്ക് ഫോർ ഓർഗൻ സപ്പോർട്ട് (ക്‌നോസ്) സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിൻ ആൻഡ് ലാ സംഘടിപ്പിച്ച പരിപാടിയിൽ ധവളപത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുമാന നവിൻ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സി ഉപദേശകൻ സാജു കുര്യൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിൻ ആൻഡ് ലാ ഡയറക്ടർ മഹേന്ദ്രകുമാർ ബാജ്‌പേയ്, ഗുജറാത്ത് മനുഷ്യാവകാശ കമ്മിഷൻ ചെയർമാർ ജസ്റ്റിസ് രവി ത്രിപാഠി എന്നിവർ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു.

മരണം നിർവചിക്കുന്നതിന് ദേശീയതലത്തിൽ ഒറ്റനിയമം വേണമെന്ന് മഹേന്ദ്രകുമാർ ബാജ്‌പേയ് പറഞ്ഞു. പലരാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളാണ് പിന്തുടരുന്നത്. ഭേദഗതി വരുത്തുന്ന ജനന, മരണ രജിസ്‌ട്രേഷൻ നിയമത്തിൽ മസ്തിഷ്‌കമരണവും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അവയവദാനത്തിൽ ബോധവത്കരണത്തിന്റെ കുറവുണ്ടെന്ന് ഡോ. സുമാന നവിൻ പറഞ്ഞു.

അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം ദേശീയതലത്തിൽത്തന്നെ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അവയവദാതാക്കളുടെ എണ്ണത്തിലും വർദ്ധനയുണ്ടാകണമെന്ന് സാജു കുര്യൻ പറഞ്ഞു. പ്രതീക്ഷ ഇല്ലാതായവരെ സംബന്ധിച്ചിടത്തോളം അവയവം ലഭിക്കുക എന്നു പറയുന്നത് പുനർജന്മത്തിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.