കൊച്ചി: ആദായനികുതി കുരുക്കിൽപ്പെട്ട കേരളത്തിലെ 1670 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് സഹായകരമായ സുപ്രീംകോടതി വിധിയെ കൊച്ചിൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു. പ്രാഥമിക അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികളായി (പി.എ.സി.എസ് ) രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്ക് കൃഷിയുമായി ബന്ധമില്ലാത്ത അംഗങ്ങൾക്ക് വായ്പ നൽകുന്നത് ആദായനികുതി നിയമത്തിലെ 80 (പി) വകുപ്പ് പ്രകാരം കിഴിവുകൾ ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിന്യായത്തിൽ പറഞ്ഞു. കാർഷികേതര വായ്പയിൻമേലുള്ള ആദായത്തിന് ഇളവിന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് അർഹതയില്ലെന്ന റവന്യു വകുപ്പിന്റെ നിലപാടിനെ തള്ളിക്കളയുന്നതാണ് സുപ്രീംകോടതി വിധി. 5500 കോടിയിലേറെ രൂപ വായ്പ നൽകിയ കേരളത്തിലെ സഹകരണ സംഘങ്ങളെ വലിയ ബാദ്ധ്യതയിൽ നിന്നു രക്ഷപെടുത്തിയ വിധിയാണിതെന്ന് ചേംബർ വൈസ് പ്രസിഡന്റ് പി.എം. വീരമണി പറഞ്ഞു. 2007 മുതലുള്ള തർക്കങ്ങൾക്കാണ് പരിഹാരമായത്.