കൊച്ചി : മെട്രോ നഗരത്തിന്റെ ഭാഗമാണെങ്കിലും കുടിവെള്ളമില്ലാതെ നാവുവരണ്ട ചേരാനെല്ലൂരിന്റെ സങ്കടത്തിൽ ഹൈക്കോടതി ഇടപെടുന്നു. ചേരാനല്ലൂരിൽ കുടിവെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.ജനുവരി അഞ്ചു മുതൽ ഒറ്റത്തുള്ളി കുടിവെള്ളം ചേരാനെല്ലൂരിലേക്ക് വാട്ടർ അതോറിറ്റി എത്തിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ ഡിക്‌സൺ ചാക്യാത്ത് ആന്റണി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വാട്ടർ അതോറിറ്റിയെയും സംസ്ഥാന സർക്കാരിനെയും ചേരാനെല്ലൂർ പഞ്ചായത്തിനെയും കക്ഷി ചേർത്ത ഹർജിയിൽ വാട്ടർ അതോറിറ്റിയിലെ എറണാകുളം സെൻട്രൽ സോണിലെ ചീഫ് എൻജിനീയറെയും ജില്ലാ കളക്ടറെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. തുടർന്നാണ് കുടിവെള്ളമെത്തിക്കാൻ നടപടിക്ക് നിർദ്ദേശിച്ചത്. ഹർജി ജനുവരി 25 ന് വീണ്ടും പരിഗണിക്കും.

 വെള്ളമില്ല, വർഷങ്ങളായി

ചേരാനെല്ലൂർ നിവാസികൾ വർഷങ്ങളായി കുടിവെള്ളത്തിനു ബുദ്ധിമുട്ടുകയാണെന്ന് ഹർജിയിൽ പറയുന്നു. ജലക്ഷാമം പരിഹരിക്കാൻ സർക്കാരിനും വാട്ടർ അതോറിറ്റിക്കും നിവേദനങ്ങൾ നൽകി ജനം മടുത്തു. ഇവിടെ ഒരു വലിയ വാട്ടർ ടാങ്ക് സ്ഥാപിച്ച് ജലം ശേഖരിച്ച് വിതരണം ചെയ്യാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടതും ഫലം കണ്ടില്ല. ജനുവരി അഞ്ചു മുതൽ ഒറ്റത്തുള്ളി വെള്ളം വാട്ടർ അതോറിറ്റി ഇവിടെ വിതരണം ചെയ്തിട്ടില്ല. 26,000 ജനങ്ങൾ ഇൗ മേഖലയിൽ താമസിക്കുന്നുണ്ട്. ഇവരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നേരിട്ട് ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.

 കുടിവെള്ളം മൗലികാവകാശം

നേരത്തെ ചേരാനെല്ലൂരിലെ ഒരു റെസിഡൻഷ്യൽ കോംപ്ളക്സിലേക്ക് വാട്ടർ കണക്ഷൻ നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിൽ കുടിവെള്ളം മൗലികാവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആലുവ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നുള്ള ജലവിതരണ ശൃംഖലയുടെ അവസാന ഭാഗമാണ് ചേരാനെല്ലൂരെന്നും ഇവിടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അമൃത് ഉൾപ്പടെ ചില പദ്ധതികൾ മൂന്നു വർഷത്തിനകം പൂർത്തിയാകുമെന്നും വാട്ടർ അതോറിറ്റി 2020 സെപ്തംബറിൽ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

 നഗരത്തിന്റെ ഭാഗം തന്നെ

കൊച്ചി നഗരസഭയുടെ തെക്കേ അതിർത്തിയിലാണ് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്. കണ്ടെയ്‌നർ റോഡും ഇടപ്പള്ളിയിൽ നിന്ന് പനവേൽ ദേശീയപാതയുമുൾപ്പെടെ കടന്നുപോകുന്ന പ്രദേശം. നഗരത്തിലെ നിരവധി പുതിയ സംരംഭങ്ങളുടെ നാട് കൂടിയാണ് ചേരാനല്ലൂർ. താമസക്കാരുടെ പ്രദേശവുമാണ്. സമീപകാലത്ത് വലിയ വളർച്ച നേടി. ജലാശയങ്ങൾ ധാരാളമുണ്ടെങ്കിലും കുടിവെള്ളക്ഷാമം തുടരുന്ന പ്രദേശമാണ് ചേരാനല്ലൂർ.