കൊച്ചി: കൊച്ചി കോർപ്പറേഷനിലെ പുതിയ കൗൺസിലിന്റെ ആദ്യ യോഗം ഇന്നു നടക്കും. വൈകിട്ട് മൂന്നിനാണ് കൗൺസിൽ. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കൊതുക് നിവാരണത്തിനുമുള്ള പ്രവർത്തനങ്ങൾക്കാണ് പുതിയ ഭരണസമിതി മുൻഗണന നൽകിയിരിക്കുന്നത്. കാനകളിലെയും തോടുകളിലെയും ചെളി കോരുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മേയർ മുൻകൂർ അനുമതി നൽകികഴിഞ്ഞു. അതിന് കൗൺസിലിന്റെ അംഗീകാരം നേടുന്നതിനാണ് ഇന്നത്തെ യോഗം.
കൊതുകിനെ തുരത്തും
കൊതുക് നിവാരണപ്രവർത്തനങ്ങൾക്കായി എല്ലാ ഡിവിഷനുകളിലും മൂന്ന് തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. മരുന്ന് തളിക്കുന്നതിനായി പവർ സ്‌പ്രേയർ, 250 മാൻസ്‌പ്രേയർ, സെപ്റ്റിക് ടാങ്കുകളിലെ എയർവെന്റ് പൈപ്പിൽ സ്ഥാപിക്കുന്നതിനായി 5,00,000 നെറ്റ് തുടങ്ങിയവ വാങ്ങുന്നതിന് ഹെൽത്ത് സൂപ്പർവൈസറെ ചുമതലപ്പെടുത്തി. സ്പ്രേയിംഗ് ഉൾപ്പെടെയുള്ള കൊതുക് നിവാരണപ്രവൃത്തികൾ ആഴ്ചയിലൊരിക്കൽ മുടങ്ങാതെ നടത്തും.
തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാകും
കിഫ്‌ബിയുടെ സഹായത്തോടെ കൊച്ചിയിലെ തെരുവ് വിളക്കുകൾ ഇനി പ്രകാശിക്കും. 29 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പിൾ വെഹിക്കിൾ കെ.എസ്.ഇ.ബി എൽ ആണ് . ബൾബുകൾക്ക് ഏഴു വർഷത്തെ വാറന്റിയുണ്ട്. 40, 70,110 വാട്ട് തെരുവ് വിളക്കുകളാണ് കോർപ്പറേഷൻ പരിധിയിൽ ഇപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് .
ചെളി കോരാൻ മൂന്നു ലക്ഷം
ചെറിയ കാനകളിലെ ചെളി കോരുന്നതിന് ഓരോ ഡിവിഷനും മൂന്നു ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്.
ഫോർട്ടുകൊച്ചി മേഖല 54 ലക്ഷം ,
ഇടപ്പള്ളി 45 ലക്ഷം
വൈറ്റില 41 ലക്ഷം
സെൻട്രൽ സോൺ 31 ലക്ഷം
പച്ചാളം 31 ലക്ഷം
വലിയ തോടുകൾ
വൈറ്റില 1.7 കോടി
ഇടപ്പള്ളി 1.2 കോടി
സെൻട്രൽ സോൺ 76 ലക്ഷം
ഫോർട്ടുകൊച്ചി 92 ലക്ഷം
പള്ളുരുത്തി 1 കോടി