കൊച്ചി: അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കാൻ പുതുവൈപ്പിൻ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ വിജയം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് വിവിധ സുരക്ഷാ സംവിധാനങ്ങളുടെയും വകുപ്പുകളുടെയും കൃത്യമായ ഏകോപനം മോക്ക് ഡ്രില്ലിൽ ഫലപ്രദമായി. ജില്ലാതല കൺട്രോൾ റൂമായി കളക്ടറേറ്റിലെ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, പ്രാദേശിക കൺട്രോൾ റൂമായി എളങ്കുന്നപ്പുഴ പഞ്ചായത്തിലെ താലൂക്ക്തല ഇൻസിഡന്റ് കൺട്രോൾ റൂം, എൽ.എൻ.ജി ടെർമിനലിൽ പ്രവർത്തിക്കുന്ന ഓൺ സൈറ്റ് കൺട്രോൾ റൂം എന്നിവയിലൂടെയാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഇന്നലെ 11 ന് ആരംഭിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായ നടപടിക്രമങ്ങൾ വൈകിട്ട് വൈകിട്ട് മൂന്നിന് പൂർത്തിയായി. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, കൊച്ചി താലൂക്കിന്റെ അടിയന്തരഘട്ട ചുമതലയുള്ള ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എൽ.എൻ.ജി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ ഫാക്ടറികളിലെ ഉദ്യോഗസ്ഥർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.