kv-thomas

കൊച്ചി: സി.പി.എമ്മിലേക്ക് കളംമാറുമെന്ന പ്രചാരണങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി. തോമസ് അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടേക്കും. ശനിയാഴ്ച അദ്ദേഹം ഭാവിപരിപാടി പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ തുടങ്ങിയ പരിഭവമാണ് വഷളാകുന്നത്. എ, ഐ ഗ്രൂപ്പുകളിൽ ചേരാതെ സ്വന്തം നിലയിലാണ് കെ.വി. തോമസ് പ്രവർ‌ത്തിച്ചിരുന്നത്. ദേശീയചുമതല പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല.

മൂന്നാം ഗ്രൂപ്പായി നിൽക്കുന്നത് നേട്ടമല്ലെന്ന് വിലയിരുത്തിയതോടെ ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ഐ ഗ്രൂപ്പിന്റെ ഭാഗമായി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.വി. തോമസ് താത്പര്യം അറിയിച്ചെങ്കിലും കേന്ദ്ര, സംസ്ഥാന മന്ത്രിപദം ഉൾപ്പെടെ നേടുകയും ആറു തവണ മത്സരിക്കുകയും ചെയ്ത അദ്ദേഹത്തിന് സീറ്റ് നൽകേണ്ടെന്ന നിലപാടിൽ ഇരു ഗ്രൂപ്പുകളും ഉറച്ചുനിൽക്കുകയാണ്.

കെ.വി. തോമസിന്റെ പരിഭവങ്ങൾ

2019 ൽ ലോക്‌സഭാ സീറ്റ് നിഷേധിച്ചു. മാറിനിൽക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും തനിക്കെതിരെ വലിയ പ്രചാരണം അഴിച്ചുവിട്ടു.

ഡൽഹിയിൽ പാർട്ടിയുടെ പദവി തരുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പദവിയും നൽകിയില്ല.

വീക്ഷണം പത്രത്തിന്റെയും ചാനലിന്റെയും ചുമതല നൽകി. അവ പരിഹരിക്കാൻ പറ്റാത്ത കടബാദ്ധ്യതയിലാണ്. പാർട്ടിയുടെ പ്രചാരണ കമ്മിറ്റി തലവനാക്കിയെങ്കിലും ഒന്നും നടക്കുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിലും വൈപ്പിനിലും മത്സരിക്കാൻ കഴിയും. പ്രായമാണ് പ്രശ്നമെങ്കിൽ സമപ്രായക്കാരെയെല്ലാം ഒഴിവാക്കേണ്ടതല്ലേ

സി.പി.എമ്മിലേക്കെന്ന് തീരുമാനിച്ചിട്ടില്ല

സി.പി.എമ്മിൽ പോകുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. സീതാറാം യെച്ചൂരിയും എം.എ. ബേബിയുമുൾപ്പെടെ നേതാക്കളുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഭാവികാര്യങ്ങൾ ശനിയാഴ്ച അറിയിക്കും.

-പ്രൊഫ.കെ.വി. തോമസ്