
കൊച്ചി: ഭരണകൂടങ്ങളും പുറംലോകവും കണ്ണ് തുറക്കാത്തപ്പോഴും രുദ്രമാല ഭഗവതിയുടെ അനുഗ്രഹമെങ്കിലും തുണയാകുമെന്ന പ്രതീക്ഷയിൽ താന്തോന്നിതുരുത്തുകാർ.കഴിഞ്ഞ ആറ് വർഷമായി നടക്കുന്ന താന്തോന്നിതുരത്തിലെ രുദ്രമാല ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായപ്പോൾ അത് തുരുത്ത് നിവാസികളുടെ ഐക്യഗാഥയായി മാറി. ഹൈബി ഈഡൻ എം.പിയും മുൻ മേയർ സൗമിനി ജയിനും മുൻ കൗൺസിലർ ആൻസ ജയിംസും ഉൾപ്പെടെ നിരവധിപേർ കഴിഞ്ഞ ദിവസം പുന:പ്രതിഷ്ഠ ചടങ്ങിൽ തുരുത്ത് നിവാസികളുടെ സന്തോഷം പങ്കിടാനായെത്തി. മഴക്കാലത്തും വേലിയേറ്റ സമയത്തുമൊക്കെ തങ്ങളുടെ വീടുകൾക്കുള്ളിൽ വരെ വെള്ളം കയറുന്ന നരകതുല്യ ജീവിതത്തിനിടയിൽ ആശ്വാസത്തിന്റെ അഭയകേന്ദ്രമാണ് താന്തോന്നി തുരുത്തുകാർക്ക് രുദ്രമാല ഭഗവതി. വെള്ളം തടയാൻ ഔട്ടർ ബണ്ടും പുറം ലോകത്ത് നിന്നുള്ള ഒറ്റപ്പെടലിന്റെ മോചനത്തിനായി എറണാകുളത്തേക്കുള്ള പാലവും സ്വപ്നം കണ്ട് കഴിയുന്നവർ ഒറ്റക്കെട്ടായി തുരുത്തിനുള്ളിൽ ഒരു പൊതുസംരഭം പടുത്തുയർത്തുന്നത് ഇതാദ്യം. ഹൈക്കോടതിയിൽ നിന്ന് ഒരു കിലോമീറ്റർ പോലുമില്ല താന്തോന്നി തുരുത്തിലേക്ക്. നല്ലൊരു റോഡോ വഴിയോ തുരുത്തിലില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനോ അടിയന്തിര ചികിത്സക്കോ സൗകര്യമില്ല. റേഷൻ വാങ്ങാനും അമ്പതിലേറെ വിദ്യാർത്ഥികൾ പഠനത്തിനും ആശുപത്രികളിലെത്താനുമൊക്കെ എറണാകുളത്തെ തന്നെ ആശ്രയിക്കണം. എന്നാൽ അതിന് വേണ്ട ബോട്ടും വഞ്ചികളും സ്ഥിരമായി ഓടാറുമില്ല. വഞ്ചികളുടെയും ബോട്ടിന്റേയും സമയത്തിനനുസരിച്ച് ജീവിതക്രമം രൂപപ്പെടുത്തുകയെന്ന ഗതികേടിലാണിവർ.
ആറ് വർഷം മുമ്പ് ഒരു വേലിയേറ്റത്തിൽ ക്ഷേത്ര ചുമരുകൾ ഇടിഞ്ഞു വീണപ്പോഴാണ് ഷൺമുഖാനന്ദ സംഘത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് കമ്മിറ്റിയുണ്ടാക്കിയത്. അന്ന് എം.എൽ.എയായിരുന്ന ഹൈബി ഈഡനും മേയറായിരുന്ന സൗമിനി ജയിനും നാരായണ കമ്മത്തും ( ജയലക്ഷമി സിൽക്സ് ) ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ടി.ആർ.സുബ്ബയ്യൻ കൺവീനറായി 11 അംഗ പുനരുദ്ധാരണ സമിതിയുണ്ടാക്കി. നീണ്ട ആറ് വർഷക്കാലം തുരുത്തിലെ ജനങ്ങൾ കഠിന പ്രയത്നം നടത്തിയാണ് പുന:പ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠദിനത്തിന് ചെലവായ ഏഴ് ലക്ഷം രൂപയടക്കം 43 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇതിൽ സിംഹഭാഗവും തുരുത്തിലെ ജനങ്ങൾ തന്നെ സ്വരൂപിച്ചുവെന്ന് കൺവീനർ ടി.ആർ. സുബ്ബയ്യൻ പറഞ്ഞു.
റേഷൻ കടകളിൽ നിന്ന് റേഷൻ പോലും കൃത്യമായി കിട്ടാറില്ല. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന പലരുടെയും സ്ഥലങ്ങൾ പലരും തട്ടിയെടുത്തു. ഇവിടെ അവർക്ക് പല പദ്ധതികളുമുണ്ടത്രെ. ഇപ്പോൾ ഞങ്ങൾ 63 കുടുംബങ്ങളുണ്ട്. ഞങ്ങളാരും ഇവിടം വിട്ട് പോകില്ല.
ഉഷ
പ്രസിഡന്റ്
അമൃത കുടുംബ യൂണിറ്റ്