muziris

കൊച്ചി : മുസിരിസ് പൈതൃക ഭൂമിയിലെ ജലസഞ്ചാര പാതയിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തി രാജ്യാന്തര ടുറിസം ഭൂപടത്തിൽ ഇടംപിടിച്ച 'മുസിരിസ് പാഡിൽ' ഇക്കുറി ഫെബ്രുവരി 12,13 തീയതികളിൽ കോട്ടപ്പുറം കൊച്ചി ജലപാതയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ന് രാവിലെ 8 ന് കോട്ടപ്പുറം മാർക്കറ്റിനോട് ചേർന്ന ആംഫി തീയേറ്ററിനടുത്ത് ഫ്ളാഗ് ഒഫ് ചെയ്യുന്ന മുസിരിസ് പാഡിൽ പെരിയാറിലൂടെ മുനമ്പത്തിനടുത്ത് ജലപാതയിലേക്ക് കടക്കും. പള്ളിപ്പുറം കോട്ട, ചെറായി സഹോദരൻ അയ്യപ്പൻ മ്യൂസിയം എന്നിവിടങ്ങളിൽ ആദ്യ ദിവസത്തെ സന്ദർശനത്തിന് ശേഷം കെടാമംഗലം ശ്രാവണം ഗ്രീൻസിൽ അവസാനിക്കും, 13 ന് രാവിലെ 8 ന് വീണ്ടും അവിടുന്നാരംഭിച്ച് നെടുങ്ങാട് വീരൻപുഴ, വൈപ്പിൻ മഞ്ഞനക്കാട് എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് വേമ്പനാട്ട് കായലിൽ പ്രവേശിക്കും. മുളവുകാട് ദ്വീപിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഗോശ്രീ പാലത്തിനടിയിലൂടെ ബോൾഗാട്ടി പാലസിനോട് ചേർന്ന കെ .ടി.ഡി .സി മറീനയിൽ വൈകിട്ട് 3.30 ന് സമാപിക്കും. സഞ്ചാരപാതയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിനോദത്തിനും വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9400893112 , 9745507454 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.വാർത്താസമ്മേളനത്തിൽ മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി .എം .നൗഷാദ്, ഇബ്രാഹിം സബീൻ , ശ്രീജിത്ത് എ .കെ , പ്രസാദ് .ടി എന്നിവർ പങ്കെടുത്തു.