medical

കൊച്ചി: കൊവിഡ് ചികിത്സാകേന്ദ്രമായി പ്രവർത്തിക്കുന്ന എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് വീണ്ടും സാധാരണ രോഗികൾക്ക് അഭയമാകുന്നു. ഈമാസം അവസാനവാരത്തോടെ കൊവിഡ് ചികിത്സാകേന്ദ്രം ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും. ഫെബ്രുവരിയിൽ കിടത്തി ചികിത്സ ഉൾപ്പെടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പൂർണമായി പുനരാരംഭിക്കും. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കൊപ്പം തന്നെ മറ്റുള്ളവരെയും ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. നിലവിലുള്ള രോഗികളെ പഴയ മെഡിക്കൽ ഐ.സി.യുവിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടുത്തെ സിവിൽ ജോലികൾ പൂർത്തിയാവുന്ന മുറയ്ക്ക് കൊവിഡ് വാർഡ് മാറ്റും. ഒപ്പം മറ്റു വാർഡുകൾ തയ്യാറാക്കി നൽകാനാണ് തീരുമാനം.
കഴിഞ്ഞ മാർച്ച് മുതലാണ് കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സ മാത്രമായി മാറ്റിയത്.

കൊവിഡ് ഇതരരോഗികൾക്കായി ഒ.പി തുടങ്ങി

ഹൗസ് സർജൻമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കൊളേജിൽ കൊവിഡ് ഇതരരോഗികൾക്കായി ഒ.പി സൗകര്യം ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിക്കൂർ വരെയാണ് ഇപ്പോൾ ഒ.പി പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ മൂന്നുവരെ പ്രവർത്തിച്ചിരുന്ന ഒ.പി സമയമാണ് ചുരുക്കിയത്.

ആശ്വാസമായി കിടത്തിചികിത്സ
കിടത്തി ചികിത്സ ഫെബ്രുവരിയിൽ ആരംഭിക്കുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്വാസമാവും. കൊവിഡ് ഇതരരോഗികൾക്കും കൊവിഡ് രോഗികൾക്കും ഒരുപോലെ ചികിത്സ കിട്ടുന്ന സ്ഥാപനമായി ആശുപത്രി മാറും. എം.ബി.ബി.എസ് ക്ലാസുകളും പൂർണതോതിൽ പുനരാരംഭിക്കും. ഇതോടൊപ്പം ഐ.സി.യുവിന്റെ പ്രവർത്തനം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളും ആരംഭിക്കും സൂപ്പർ സ്‌പെഷാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയുടെ പ്രവർത്തനമാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. നിലവിൽ കാത്ത്ലാബ്, ഡയാലിസിസ് മെഷീനുകൾ, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ എന്നിവ മാസങ്ങളായി പ്രവർത്തിക്കുന്നില്ല.

.


ആശ്വാസത്തിൽ വിദ്യാർത്ഥികൾ

മെഡിക്കൽ കൗൺസിലിന്റെ നിർദേശപ്രകാരം കൊവിഡിതര രോഗികൾക്ക് ചികിത്സാസൗകര്യം ഡിസംബർ മുതൽ തന്നെ ലഭ്യമാക്കേണ്ടതായിരുന്നു. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. ഈ സാഹചര്യത്തിലാൽ അടിയന്തര സർവീസുകൾ ഒഴിവാക്കി ഹൗസ് സർജൻമാർ സമരത്തിനിറങ്ങിയത്. കളക്ടർ എസ്. സുഹാസുമായി നടത്തിയ ചർച്ചയിലാണ് കൊവിഡേതര ചികിത്സകൾ മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ തീരുമാനിച്ചത്. ഉത്തരവ് പ്രകാരം കമ്മിറ്റി രൂപീകരിക്കണമെന്നത് പാലിക്കപ്പെട്ടില്ലെങ്കിലും പ്രവർത്തനം പൂർവസ്ഥിതിയിലാവുമെന്ന് പ്രതീക്ഷയുണ്ട്.

സിബി ഇമ്മാന്യുവൽ

പ്രസിഡന്റ്

ഹൗസ് സർജൻസ് അസോസിയേഷൻ