കൊച്ചി: അതേയ്, അറിയാൻ മേലാഞ്ഞ് ചോദിക്കുവാ.. ഞാൻ എന്തു ചെയ്യണം... നിൽക്കണൊ പോകണോ..? കാടുകയറി മൂട് പോകുന്ന അവസ്ഥയിലായിട്ടും ആർക്കോവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തീരുമാനം അറിയിച്ചാൽ തുരുമ്പിനൊപ്പം പ്രകൃതിയിലലിയാമായിരുന്നു...!
കൊച്ചി നഗരത്തിലെ കടവന്ത്ര- ഗാന്ധിനഗർ റോഡരുകിലിരിക്കുന്ന അഞ്ചൽപ്പെട്ടിക്ക് സംസാരശേഷിയുണ്ടായിരുന്നെങ്കിൽ അതിങ്ങനെ പറയുമായിരുന്നു.
സങ്കടം, സന്തോഷം, പ്രണയം, പരിഭവം, നിയമനം, പിരിച്ചുവിടൽ, വക്കീൽ നോട്ടിസ്, ജപ്തി തുടങ്ങി ആർക്ക് ആരോട് പറയാനുള്ളതും സ്വന്തം പള്ളയിലേറ്റുവാങ്ങി വിലാസക്കാരന് എത്തിച്ചുകൊടുത്തിരുന്ന വിശ്വാസഗോപുരമാണ് ഈ പെട്ടി. എത്രയെത്ര പ്രണയലേഖനങ്ങൾ ആരോരുമറിയാതെ ഇണക്കിളികളുടെ കൈകളിലെത്തിച്ചു. എത്രയോ പേരുടെ ജാതക കുറിപ്പും ജീവിതരേഖകളും അന്യോന്യം കൈമാറാൻ കൂട്ടുനിന്നു. ആര് എന്ത് നിക്ഷേപിച്ചാലും ക്ലോക്കിൽ ഉച്ചക്ക് 12 എന്നൊരു സമയമുണ്ടെങ്കിൽ പെട്ടിതുറന്ന് ഉള്ളടക്കം തൂത്തുവാരിയെടുത്ത് ഓടിപ്പോകാനൊരാൾ വരുന്നതുവരെ ഇട്ടവർക്ക് പോലും തിരിച്ചുകൊടുക്കാതെ എല്ലാം പൊന്നുപോലെ കാത്തുവച്ചു. ഇന്നിപ്പോ ഇന്റർനെറ്റ് യുഗമായപ്പോൾ പഴയതൊക്കെ മറന്ന കൂട്ടത്തിൽ ഈ ചെമ്പെട്ടിയും വിസ്മൃതിയിലായി. ഒരു മൊബൈൽ ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ ആർക്കും എന്തുമാകാമെന്ന അഹന്ത!. അല്ലാതെന്ത് പറയാൻ. നാളേറെയായി കാത്തിരിക്കുന്നു. ഇൻലന്റുമില്ല, കവറുമില്ല. പേരിനൊരു കാർഡുപോലുമില്ല. ക്രിസ്മസും പുതുവത്സരങ്ങളും പലതുകഴിഞ്ഞു. നെടുങ്കൻ ആശംസാകാർഡുകളുമായി ആരും വന്നില്ല. അതൊക്കെ പോകട്ടെ, എന്നും ഉള്ളു തുറന്നുനോക്കാൻ എത്തിയിരുന്ന 12 മണിക്കാരനെയും കാണാനില്ല. വെയിലും മഴയുമേറ്റ് തെരുവോരത്ത് അങ്ങനെ കാത്തുനിൽക്കുകയാണ്. അനാഥമെന്ന് തോന്നിയിട്ടാകാം വാരിപ്പുണരാമെന്ന വാഗ്ദാനവുമായി കുറെ വള്ളിപ്പടർപ്പുകൾ വന്നിട്ടുണ്ട്. കുറച്ചുദിവസമായി ചുറ്റും കൂടിയിട്ട്. വേണ്ടപ്പെട്ടവരെ കാണാതായപ്പോൾ ചെറുതായൊന്നു സമ്മതം മൂളി. ദേ അവരിപ്പോൾ അരഞ്ഞാണചരടും കഴിഞ്ഞ് മുകളിലേക്ക് വളരുകയാണ്. താക്കോലിട്ടുപൂട്ടിയ താഴൊക്കെ കസ്റ്റഡിയിലാക്കി ഇനി വൈകിയാൽ തുറക്കാനും സാധിക്കില്ല. പച്ചിലത്തളിർപ്പുകൾക്കിടയിലൂടെ ഓരോരോ കരിനാഗങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. പതുങ്ങിയിരുന്ന് മുട്ടയിടാൻ ഇടം വേണമത്രേ.. തപാൽ മുത്തപ്പൻ ഇനിയെങ്കിലും മനസ് തുറക്കണം. നിൽക്കണോ.... അതോ..?