വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പൊതുകിണറിൽനിന്ന് വെള്ളമെടുക്കാനുള്ള അവകാശം ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ. സെന്റ്പീറ്റേഴ്‌സ് റോഡിന് സമീപമുള്ള കിണറിൽനിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി പരിസരവാസികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

1965ൽ അന്നത്തെ സംവിധാനമായ എൻ.ഇ.എസ് ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് പഞ്ചായത്ത് കിണർ. എന്നാൽ പിന്നീട് ഈ കിണറിലേക്കുള്ള വഴി അടച്ചുകെട്ടിയതോടെ കിണർ ഉപയോഗിക്കാൻ മാർഗമില്ലാതായി. കിണറിലേക്കുള്ള വഴി തുറക്കണമെന്ന ആവശ്യവുമായി ഒരു വർഷം മുൻപ് പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകി. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ ഇല്ലാതെ വന്നപ്പോൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. ഈ പരാതിയിൽ ജില്ലാകളക്ടർ, തഹസിൽദാർ വഴി പഞ്ചായത്തിനോടും വില്ലേജ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു കിണർ അവിടെ ഇല്ലെന്ന റിപ്പോർട്ടാണ് താലൂക്കിൽ ലഭിച്ചത്. എന്നാൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ കിണർ ഉൾപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാരും ഉറപ്പ് പറയുന്നു.
ധർണ മുൻ പഞ്ചായത്ത് അംഗം സി.ജി. ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സമ്പത്ത്കുമാർ, പ്രിൻസി ജിതിൻ, ജയടോമി, അലക്‌സ് മുടവശേരി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ സമരത്തിനായി തയ്യാറെടുക്കുകയാണ് പരിസരവാസികൾ.