വൈപ്പിൻ: വെറും 12 രൂപയ്ക്ക് 2 ലക്ഷം വരെ ലഭിക്കുന്ന ഇൻഷ്വറൻസ് പരിരക്ഷയിലാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 13ാം വാർഡിലുള്ളവർ എടുത്തിരിക്കുന്നത്. ആകെയുള്ള 1127 വോട്ടർമാരിൽ മുന്നോറോളം പേർ ഇൻഷ്വറൻസ് നേരെത്തെ എടുത്തിട്ടുണ്ടായിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് അഡ്വ. ഡോൾഗോവിന്റെ നേതൃത്വത്തിൽ 750 പേർകൂടി ഇൻഷ്വറൻസ് എടുത്തു.12രൂപ ബാങ്കിൽ അടച്ചാൽ 2 ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയാണ് ഇവർ എടുത്തത്. അഡ്വ. ഡോൾഗോവ് തന്നെയാണ് ബാങ്ക് അപേക്ഷാഫോറം നാട്ടുകാർക്ക് സംഘടപ്പിച്ചു കൊടുത്തത്. ബാങ്കിൽ നിന്നോ അക്ഷയ സെന്ററുകളിൽ നിന്നോ ഇതിന്റെ അപേക്ഷാഫോറം ലഭിക്കും സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടും 12 രൂപയുമുണ്ടെങ്കിൽ ആർക്കും ഈ ഇൻഷ്വറൻസ് എടുക്കാം.മരണം സംഭവിക്കുകയോ അപകടത്തിൽ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്താൽ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മുരിക്കുംപാടത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണമടഞ്ഞ പ്രഭിൻ എന്ന യുവാവിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ഈ ഇൻഷ്വറൻസ് വഴി ലഭിച്ചു.
പി.എം.ബി.വൈ എന്ന ഈ ഇൻഷ്വറൻസ് പദ്ധതിയിൽ നാട്ടുകാരെയെല്ലാം ഉൾപ്പെടുത്താൻ ശ്രമിച്ചതുവഴി നാട്ടിലുണ്ടായ മതിപ്പിനെ തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താൻ മെമ്പറായി തിരഞ്ഞെടുക്കുപ്പെടാൻ ഇടയായത് എന്നാണ് അഡ്വ. ഡോൾഗോവിന്റെ സ്വയം വിലയിരുത്തൽ.