lissymol

കൊച്ചി: പ്രളയം സൃഷ്ടിച്ച കെടുതികളെ അതിജീവിച്ച ആലുവ വിത്തുത്പാദനകേന്ദ്രം വിജയത്തിന്റെ കൊടുമുടിയിലാണ്. മികച്ച വിത്തുത്പാദന കേന്ദ്രവും ഫാം ഓഫീസർക്കുള്ള പുരസ്കാരവും ഒന്നിച്ചെത്തുമ്പോൾ ഫാം ഓഫീസർ ലിസിമോൾ ജെ. വടക്കൂട്ടിന് ഇരട്ടനേട്ടം. മൂന്ന് വർഷമായി മൂവാറ്റുപുഴ സ്വദേശി ലിസിമോൾ ഇവിടെ പ്രവർത്തനമാരംഭിച്ചിട്ട്. കൃഷി ഓഫീസറിൽ നിന്ന് കൃഷി അസിസ്‌റ്റന്റായി പ്രമോഷൻ ലഭിച്ചയുടനെയാണ് അംഗീകാരവും തേടിയെത്തുന്നത്. സംയോജിത കൃഷി രീതിയും ഫാം ടൂറിസത്തിന്റെ മാതൃകയും എന്ന മാനദണ്ഡമാണ് ആലുവ വിത്തുത്പാദന കേന്ദ്രത്തിനെ പുരസ്കാരത്തിലേക്ക് വഴിതെളിച്ചത്.

ജെെവസമൃദ്ധിയുടെ വിളനിലമാണ് ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന വിത്തുത്പാദന കേന്ദ്രം. 2012ൽ ഇന്ത്യയിലെ ആദ്യഓർഗാനിക് സീഡ് ഫാമെന്ന സർട്ടിഫിക്കേഷൻ ലഭിച്ചതോടെയാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

രക്തശാലി മുതൽ അടതാപ്പ് വരെ

5.32 ഹെക്ടർ വിസ്തൃതിയുള്ള ഫാമിൽ ജെെവമല്ലാത്തതൊന്നുമില്ല. മൂന്ന് ഏക്കർ സ്ഥലത്ത് നെൽകൃഷി. ബാക്കി സ്ഥലത്ത് തെങ്ങ്, വാഴ, ജാതി, കപ്പ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, ചോളം, മധുരക്കിഴങ്ങ്, അടതാപ്പ്, തക്കാളി, പച്ചമുളക് തുടങ്ങിയവ. നാടൻ ഇനത്തിൽപ്പെട്ട കാസർകോട് കുള്ളൻ പശുകൾ, മലബാറി ആടുകൾ, കുട്ടനാടൻ താറാവ്, കോഴി, ഗിനി, മുയൽ എന്നിവയ്‌ക്കൊപ്പം തേനീച്ചകളും മീനുകളുമുണ്ട്. രക്തശാലി, ‌ഞവര, വെള്ളതൊണ്ടി, ജപ്പാൻ വെെറ്റ്, ജെെവ, വടക്കൻ വെള്ളരി കയ്മ എന്നിവ ഇവിടത്തെ സവിശേഷ നെല്ലുകളാണ്. നെൽകൃഷിയുടെ പ്രധാനലക്ഷ്യം അത്യുത്പാദനശേഷിയുള്ള വിത്തുകളാണ്. മരങ്ങളിൽ പടർന്ന് കയറി വള്ളിയിൽ ഉണ്ടാകുന്ന അടതാപ്പ് എന്ന ഔഷധഗുണമുള്ള കിഴങ്ങ് ഇവിടത്തെ മറ്റൊരു സവിശേഷഇനമാണ്.

സസ്യങ്ങളുടെ കലവറ

സസ്യങ്ങളുടെ ജെെവവളർച്ചാ ത്വരകങ്ങളായ പഞ്ചഗവ്യം, ജെെവ കീടവികർഷിണിയായ എക്സ്പോൾഡ്, വെർമി വാഷ് ടോണിക്, ഫോസ്ഫറസ് ജീവാണുവളമായ വാം, ഫിഷ് അമിനോ ആസിഡ്, മണ്ണിര കംപോസ്റ്റ് എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇതിൽ വാം മറ്റെങ്ങും ലഭ്യമല്ല.

സംയോജിതകൃഷിയിടം

തേനീച്ച മുതൽ കാസർകോട് കുള്ളൻ പശുക്കൾ വരെ ഫാമിൽ ഒരുമയോടെ കഴിയുമ്പോൾ പൂവണിയുന്നത് സംയോജിത ജെെവകൃഷിയെന്ന സ്വപ്നമാണ്. ലഭിച്ച ഈ അംഗീകാരം ഒരു ഊർജമായാണ് കാണുന്നത്.

ലിസിമോൾ ജെ. വടക്കൂട്ട്