zero-balance

കോലഞ്ചേരി: സീറോ ബാലൻസ് അക്കൗണ്ട് കുരുക്കായതോടെ നിരവധി പേരുടെ പെൻഷൻ മുടങ്ങുന്നു. നവംബർ, ഡിസംബർ മാസങ്ങളിലെ വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകളാണ് മുടങ്ങിയത്. ബാങ്കിലേയ്ക്ക് വന്ന പെൻഷനുകൾ മടങ്ങിപ്പോയ സ്ഥിതിയാണ്. സീറോ ബാലൻസ് അക്കൗണ്ട്, പ്രധാന മന്ത്രി ജൻധൻ യോജന അക്കൗണ്ട് എന്നിവ വഴി പെൻഷൻ വാങ്ങുന്നവർക്കാണ് പണി കിട്ടിയത്. ഇത്തരം അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തുന്നതിന് പരിധിയുള്ളതാണ് പ്രശ്നമായത്. മാസത്തിൽ നാലു തവണ മാത്രമാണ് ഇത്തരം അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ കഴിയൂ. 50000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയുകയുമില്ല. ഇടപാട് പരിധി കഴിഞ്ഞവർക്കും, കൂടുതൽ തുക അക്കൗണ്ടിൽ ഉള്ളവർക്കുമാണ് പെൻഷൻ ലഭിക്കാത്തത്. മുമ്പും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ചുരുക്കം പേരെ മാത്രമാണ് ബാധിച്ചത്. നിലവിൽ പ്രായാധിക്യം വന്നവർക്കു മാത്രമാണ് തുക മണിയോർഡറായി ലഭിക്കുന്നത്. മറ്റുള്ളവർക്ക് അക്കൗണ്ട് തന്നെയാണ് ശരണം. ഇനി തുടർന്നും ബാങ്കു വഴി പെൻഷൻ ലഭിക്കണമെന്നുള്ളവർ ബാങ്കുമായി ബന്ധപ്പെട്ട് ഇത്തരം അക്കൗണ്ടുകൾ സേവിംഗ്സ് അക്കൗണ്ടുകളായി മാറ്റണം. മിനിമം ബാലൻസ്, ട്രാൻസാക്ഷൻ ചാർജുകൾ, സർവീസ് ചാർജുകൾ, ക്യാഷ് കൗണ്ടിംഗ്, ഹാന്റിലിംഗ് തുടങ്ങിയ ചാർജുകൾ അക്കൗണ്ടിൽ നിന്നും ബാങ്കുകൾ എടുക്കുമെന്നു മാത്രം ഓർക്കുക.