പെരുമ്പാവൂർ: മുന്നറിയിപ്പുകളില്ലാതെ ദൂരക്കൂടുതലുള്ള അങ്കണവാടി പരിധിയിലേക്ക് നിരവധി കുടുംബങ്ങളെ മാറ്റിയതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൂവപ്പടി പഞ്ചായത്ത് രണ്ടാംവാർഡിലെ ചേരാനല്ലൂർ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന 60-ാം നമ്പർ അങ്കണവാടി പരിധിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള 40-ാം നമ്പർ അങ്കണവാടിയിലേക്ക് അമ്പതിലേറെ കുടുംബാംഗങ്ങളെ മാറ്റിയതോടെയാണ് പരാതി.

നിലവിലുള്ള അങ്കണവാടിയിലേക്ക് 500 മീറ്റർ മാത്രം ദൂരമാണുളളത്. രണ്ടുവർഷം മുമ്പ് ഒരു അങ്കണവാടി അദ്ധ്യാപിക വീടുകളിൽ കയറി വ്യക്തിഗതവിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ഇത് എന്തിനുവേണ്ടിയെന്ന് വ്യക്തമാക്കിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ രണ്ടുവർഷമായി ഈ വീട്ടുകാരെ രണ്ട് കിലോമീറ്റർ ദൂരെയുള്ള അങ്കണവാടിയുടെ കീഴിലായെന്ന അറിയിപ്പും നൽകിയില്ല. ഈ കാലയളവിൽ സർക്കാരിൽനിന്നും അങ്കണവാടിയിൽനിന്നും വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള അനുകൂല്യങ്ങൾ നൽകുകയോ ബോധവത്കരണ പരിപാടികളോ കുടുംബങ്ങളെ അറിയിച്ചില്ലെന്നും ഗുണഭോക്താക്കൾ പറയുന്നു. സർക്കാർ വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ക്ഷേമപെൻഷൻ അടക്കം വീടുകളിൽ എത്തിക്കുന്ന നടപടി സ്വീകരിക്കുമ്പോൾ നിരവധി വയോജനങ്ങളും കുട്ടികളും വനിതകളുമുള്ള പ്രദേശത്തെ അടുത്ത അങ്കണവാടിയിൽ നിന്ന് ദൂരെയുള്ള അങ്കണവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനപ്പരിശോധിക്കണമെന്നും തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൂവപ്പടി മണ്ഡലം വൈസ് പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ജില്ലാ കളക്ടർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.