പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോടനാട് ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിയ്ക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും.പൊലീസ് നിർദ്ദേശിക്കുന്ന ഇടങ്ങളിലായിരിക്കും കാമറകൾ സ്ഥാപിക്കുക. കോടനാട് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള കൂവപ്പടി,മുടക്കുഴ ഭാഗങ്ങളിൽ ഗുണ്ടാസംഘങ്ങൾ വളർന്നു വരുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.നാടൻ ബോംബും വടിവാൾ പോലുള്ള മാരകായുധങ്ങളുമായി കറങ്ങി നാട്ടിലെങ്ങും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.ഏതാനും ആഴ്ച മുൻപ് യുവാവിനെ വടിവാളുകൊണ്ട് ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ആ കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.