കോലഞ്ചേരി: മണ്ണ് പൊന്നാക്കിയ ഐസക്കിനെ തേടി സംസ്ഥാന അവാർഡും. കാൽനൂറ്റാണ്ടിലേറെയായി മണ്ണിൽ നിന്നും നൂറ് മേനി വിളയിക്കുന്ന കർഷകനാണ് തിരുവാണിയൂർ ചെമ്മനാട് സ്വദേശി കരിപ്പാലിൽ വീട്ടിൽ കെ.ഐ. ഐസക്ക്. പിതാവായ ഇട്ടനിൽ നിന്നും കൈമുതലാക്കിയ കൃഷി ഇന്ന് ഐസക്കിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള അവാർഡും നേടി കൊടുത്തു. മാസങ്ങൾക്ക് മുമ്പ് മികച്ച പച്ചക്കറി കർഷകനുള്ള ജില്ലാ അവാർഡും ലഭിച്ചതാണ്. കൃഷിയിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കാർഷിക അനുഭവസമ്പത്തിന്റെ കലവറയ്ക്കുടമയാണ് ഇദ്ദേഹം. സ്വന്തമായ അര ഏക്കർ കൂടാതെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് വർഷങ്ങളായി ഐസക്കിന്റെ കൃഷി. പൂതൃക്കയിലെ പത്താംമൈൽ, മീമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെയും തിരുവാണിയൂരിലെ പാലാപ്പടി, വെങ്കിട, എന്നിവിടങ്ങളിലെയും ആറേക്കറോളം ഭൂമിയിൽ കൃഷിയുണ്ട്. വാഴ, കുക്കുമ്പർ, പടവലം, ചുരക്ക, പീച്ചിൽ, കുമ്പളം, വെള്ളരി, മത്തൻ, വെണ്ട തുടങ്ങിയ പച്ചക്കറികളും, രണ്ട് ഏക്കറോളം സ്ഥലത്ത് നെല്ലുമാണ് വിള. പശുക്കൾ, ആട്, പോത്ത്, കാള, കോഴി തുടങ്ങിയ മൃഗസമ്പത്തും വീടിനോട് ചേർന്ന് വളർത്തുന്നു. ഈ വർഷം കാലാവസ്ഥയിലുണ്ടായ മാറ്റം ഐസക്കിന്റെ കൃഷിയെയും ബാധിച്ചു. രണ്ടര ലക്ഷം രൂപയോളം നഷ്ടം സഹിക്കേണ്ടി വന്നു. നിരാശയൊന്നുമില്ല, അടുത്ത കൃഷിയിൽ ഇത് തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷ മാത്രം.
അംഗീകാരത്തിൽ ദൈവത്തോടും, കുടുംബത്തോടും, തിരുവാണിയൂർ കൃഷിഭവൻ ഉദ്യോഗസ്ഥരോടും നന്ദി പറയുകയാണ് ഐസക്ക്.പിതാവ് ഇട്ടനും, ഭാര്യ അന്നയും, ഏക മകൾ ഡെലീഷ്യയുമാണ് കൃഷികാര്യങ്ങൾക്ക് പിന്തുണ.