മൂവാറ്റുപുഴ: കോതമംഗലം, മൂവാറ്റുപുഴ, ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കണമെന്ന് എം.എൽ.എമാരായ എൽദോ എബ്രഹാം, ആന്റണി ജോൺ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയപാത 85ൽ കടാതിയിൽ നിന്നാരംഭിച്ച് കാരകുന്നത്ത് അവസാനിക്കുന്ന 4കിലോമീറ്റർ വരുന്ന മൂവാറ്റുപുഴ ബൈപാസും മാതിരപ്പിള്ളിയിൽ നിന്നാരംഭിച്ച് കോഴിപ്പിള്ളിയിൽ അവസാനിക്കുന്ന 3.5കിലോമീറ്റർ വരുന്ന കോതമംഗലം ബൈപ്പാസും യാഥാർത്ഥ്യമാക്കമമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.

30വർഷം മുമ്പ് 30മീറ്റർ വീതിയിൽ ദേശീയ പാത അതോറിറ്റി അളന്ന് കല്ലിട്ട ബൈപാസിന് പുതിയ കേന്ദ്ര സർക്കാർ തീരുമാന പ്രകാരം 45മീറ്റർ വീതിയാണ് ആവശ്യമായി വരുന്നത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 700കോടിയോളം രൂപവേണം. കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. പദ്ധതിക്കാവശ്യമായ ഭൂമിയുടെ 50 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ.മാർ കത്ത് നൽകിയത്.