ആലുവ: ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട കീഴ്‌മാട് ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി സംഘടന സംവിധാനം കുത്തഴിഞ്ഞ നിലയിലായി. രാജിവച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ നിർദ്ദേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിക്ക് കൂനിന്മേൽ കുരുവായത്.
മുൻ പ്രസിഡന്റ് വിജയൻ മുള്ളംകുഴി രാജിവെച്ചതും സഹഭാരവാഹികളുമായുണ്ടായ തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നെങ്കിലും സാഹചര്യം ഇപ്പോഴത്തെ അത്രയും മോശമായിരുന്നില്ല. പഞ്ചായത്തിലെ പാർട്ടി ഘടകത്തിന്റെ സ്ഥിതി ഇത്രയും മോശമാക്കിയതിന് പിന്നിൽ നിയോജക മണ്ഡലം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകർ ആക്ഷേപിക്കുന്നത്. ഒഴിവുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിക്കേണ്ടതിന് പകരം ജനറൽ സെക്രട്ടറി ഒഴികെ മുഴുവൻ പേരെയും മാറ്റി പുതുമുഖങ്ങളെ നിയമിക്കാൻ നടത്തിയ നീക്കമാണ് വിനയായത്. പഞ്ചായത്ത് അതിർത്തിയിൽ സ്ഥിരതാമസം പോലുമില്ലാത്തയാളെയാണ് പ്രസിഡന്റായി നിയോജക മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചത്.
സജീവമായി പ്രവർത്തന രംഗത്തുള്ള മറ്റൊരാൾ തന്നെ പരിഗണിക്കണമെന്ന് മണ്ഡലം നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇത് അവഗണിച്ചാണ് വർഷങ്ങളായി സംഘപരിവാർ സംഘടനകളുടെ ഒന്നും ചുമതലയില്ലാത്തയാളെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. ഇതോടെ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും രാജി പ്രഖ്യാപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാനാകാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജിയെന്നാണ് പറയുന്നതെങ്കിലും യഥാർത്ഥ കാരണം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ഉറപ്പാണ്.
ജനറൽ സെക്രട്ടറി നവമാദ്ധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിച്ചിട്ടും ഇതൊന്നും കാര്യമാക്കാതെ നിലവിലുണ്ടായിരുന്ന കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയെ മാത്രം നിലനിർത്തി പുതിയ കമ്മിറ്റി അണിയറയിൽ തയ്യാറാകുന്നുണ്ട്. രണ്ട് വൈസ് പ്രസിഡന്റുമാരെയും രണ്ട് സെക്രട്ടറിമാരെയും പുതിയതായി നിയമിക്കുന്നുണ്ട്. അടുത്തിടെ യൂത്ത് കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയയാളായിരുന്നു വൈസ് പ്രസിഡന്റുമാരിൽ ഒരാൾ. പ്രഖ്യാപിച്ച് ഒരു വർഷം പോലും തികയും മുമ്പ് അദ്ദേഹത്തെയും തൽസ്ഥാനത്ത് നിന്നും നീക്കുന്നതിലും ചാലക്കൽ മേഖലയിൽ അമർഷം പുകയുകയാണ്. പ്രവർത്തകരുടെ വിവരം മാനിക്കാതെ ഭാരവാഹികളെ കെട്ടിയിറക്കിയാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും ഉൾപ്പെടെ വിട്ടുനിൽക്കാനാണ് നിലവിലുള്ള ഭാരവാഹികളെ അനുകൂലിക്കുന്നവരുടെ തീരുമാനം.
23,24 തീയതികളിൽ തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കുന്ന മണ്ഡലം പഠനം ശിബിരത്തിൽ ഗ്രൂപ്പ് തർക്കം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണ പ്രവർത്തകർ.