vaccine

കൊച്ചി: കൊവിഡ് വാക്സിൻ വിതരണകേന്ദ്രങ്ങളുടെയും രോഗം കണ്ടെത്താനുള്ള ടെസ്റ്റുകളുടെയും എണ്ണം വർദ്ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം. ആരോഗ്യപ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി 12 കേന്ദ്രങ്ങളിൽ ആരംഭിച്ച വാക്‌സിനേഷൻ 225 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. മുൻഗണനാക്രമത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിനേഷൻ തുടരുമെന്ന് ജില്ലാ കളക്ട‌ർ എസ്. സുഹാസ് പറഞ്ഞു.

ജില്ലയിലെ രോഗസ്ഥിതിയെക്കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ടെസ്റ്റ് നിരക്ക് പരമാവധി വർദ്ധിപ്പിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ചെറിയ ലക്ഷണങ്ങളുള്ളവർക്കും ടെസ്റ്റ് ചെയ്യും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തി. ജില്ലയിലെ മുഴുവൻ രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ചികിത്സ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

മരണനിരക്ക് തീരെക്കുറവ്

ലോകത്തിന് മാതൃകയായ സംസ്ഥാനമായ കേരളത്തിന്റെ കൊവിഡ് മരണനിരക്ക് 0.41 ശതമാനമാണ്. എറണാകുളം ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.36 ശതമാനമാണ്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ജില്ലയിൽ മരണനിരക്ക് കുറയാൻ കാരണം.

ജില്ലയിൽ 567 കിടക്കകളുള്ള ഏഴു സി.എഫ്.എൽ.ടി.സികളും 386 കിടക്കകളുള്ള നാലു സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാരക രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികൾക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഐ.സി.യു. ബെഡ്, വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കി.

ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങരുതെന്നും കളക്ടർ നിർദ്ദേശിച്ചു.