കൊച്ചി: സർക്കാർ സ്ഥലം സർക്കാർ തന്നെ ഏറ്റെടുക്കുക. ഇതിന് സ്വകാര്യ വ്യക്തിക്ക് 60 കോടി നഷ്ടപരിഹാരമായി കൈമാറാൻ ഒരുങ്ങുക. വിചിത്രമായ നടപടിക്കെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ അധികൃതർ. വർഷങ്ങൾക്ക് മുമ്പാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. സിവിൽ കേസ് വഴി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്ന നിയമോപദേശവും അവഗണിക്കപ്പെട്ടു. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിന് വൈറ്റില തൈക്കൂടത്ത് ഏറ്റെടുത്ത സ്ഥലത്തെച്ചൊല്ലിയാണ് വിവാദം.
1945 ൽ കൊച്ചി സർക്കാർ ഏറ്റെടുത്ത 2.10 ഏക്കർ സ്ഥലമാണ് തൈക്കൂടം മെട്രോ സ്റ്റേഷനും വൈദ്യുത സ്റ്റേഷനും നിർമ്മിക്കാൻ ഏറ്റെടുത്തത്. ഇതിന്റെ വിലയായി സ്വകാര്യവ്യക്തിൾക്ക് 60 കോടിയോളം രൂപ നൽകുന്നതിനെതിരെ തൈക്കൂടം തുണ്ടത്തിൽവാലയിൽ ടി.പി. അജികുമാറാണ് പരാതി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വർഷങ്ങലായി
വില്ലേജ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങുകയാണ് അദ്ദേഹം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി സർക്കാരിന്റെ 1945 മാർച്ച് മൂന്നിലെയും ഏപ്രിൽ ഏഴിലെയും ഗസറ്റുകളിൽ ക്ഷീരവ്യവസായം ആരംഭിക്കാൻ ഗോശ്രീ ഡയറി ആൻഡ് ഫാം പ്രോഡക്ട്സിന് വേണ്ടി സ്ഥലം കൊച്ചി സർക്കാർ ഏറ്റെടുത്ത സ്ഥലമാണിതെന്ന് വ്യക്തമായി വിവരിച്ചിട്ടുണ്ട്. 1947 ജനുവരി 25 ന് തൃപ്പൂണിത്തുറ റോഡ് നിർമ്മിക്കാൻ ഇതിലൊരു ഭാഗം ഏറ്റെടുത്തതായും രേഖകളുണ്ട്.
തൃപ്പൂണിത്തുറ നടമ വില്ലേജിൽ എരൂർ വെളിയിൽ ഈഴം അയ്യപ്പന്റെ അനന്തരവൻ അച്യുതനിൽ നിന്നാണ് ഡയറി ഫാമിന് വേണ്ടി ഡയറി മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ രവിവർമ്മ തമ്പുരാൻ മഹാരാജാവ് സ്ഥലം ഏറ്റെടുത്തതെന്ന് തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ രേഖകളുണ്ട്. ഈ സ്ഥലം പിന്നീട് മഹാരാജാവിന്റെ മുതൽപിടിയുടെ പേരിൽ എഴുതിക്കൊടുത്തിരുന്നു. മുതൽപിടി പണയമെന്ന നിലയിൽ കൈമാറിയ സ്ഥലമാണ് പിന്നീട് സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയത്. സ്ഥലത്തിന്റെ കൈവശക്കാർക്കാണ് ഏറ്റെടുത്തതിന്റെ വിലയും പലിശയുമായി 60 കോടിയോളം രൂപ നൽകാൻ മെട്രോ ശ്രമിക്കുന്നത്.
സർക്കാർ സ്ഥലം അനധികൃതമായി കൈപ്പറ്റിയവർക്ക് നഷ്ടപരിഹാരം നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അജികുമാർ 2018 മുതൽ പരാതികൾ നൽകിയത്. സിവിൽ നടപടികൾ സ്വീകരിച്ച് ഉടമസ്ഥത സ്ഥിരീകരിക്കണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറലും നൽകുകയും വിശദമായ പരിശോധന നടത്തണമെന്ന് സ്പെഷ്യൽ തഹസിൽദാറും ശുപാർശകൾ നൽകിയെങ്കിലും റവന്യൂ വകുപ്പോ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡോ നടപടി സ്വീകരിച്ചില്ല. പകരം സ്ഥലവില കോടതിയിൽ കെട്ടിവയ്ക്കാമെന്ന നിലപാടാണ് മെട്രോ സ്വീകരിച്ചത്.
കൊച്ചി സർക്കാരിന്റെ ഗസറ്റുകളും മറ്റു രേഖകളുമുൾപ്പെടെ ശേഖരിച്ച് വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകിയതായി അജികുമാർ പറഞ്ഞു. അഡീഷണർ അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശയിൽ സ്ഥലം സർക്കാർ ഉടമസ്ഥതയിലാണെന്ന സൂചനയുണ്ട്. രേഖകൾ പരിശോധിച്ച് ഇപ്പോൾ സ്ഥലം കൈവശം വച്ചിരിക്കുന്നവരുടെ പോക്കുവരവ് റദ്ദാക്കാൻ കഴിയും. റദ്ദാക്കിയാൽ രേഖകൾ ഹാജരാക്കി സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കേണ്ട ഉത്തരവാദിത്തം നഷ്ടപരിഹാരം കൈറ്റപ്പാൻ ശ്രമിക്കുന്നവർക്കാണ്. വ്യക്തമായ രഖകൾ ഇവർക്കില്ലെന്നാണ് സൂചനകൾ. അതിന് അധികൃതർ തയ്യാറാകണമെന്ന് അജികുമാർ ആവശ്യപ്പെടുന്നു.
കൊച്ചി സർക്കാർ ഏറ്റെടുത്ത സ്ഥലം വീണ്ടും കേരള സർക്കാർ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടായിട്ടും വില നൽകുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയും സംഭവിച്ചിട്ടുണ്ട്. 17 കോടി രൂപ നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന പണം നൽകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.