കൊച്ചി: ഇന്ത്യൻ ഓയിലിന്റെ വൈദ്യുത വാഹന ചാർജിംഗ് പോയിന്റ് വൈറ്റില കോകോ ചില്ലറ വില്പനശാലയിൽ കേന്ദ്ര എണ്ണ, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി തരുൺ കപൂർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ സംസ്ഥാന തലവനും എണ്ണ കമ്പനികളുടെ കേരള, ലക്ഷദ്വീപ് കോ ഓർഡിനേറ്ററുമായ വി.സി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഓയിലിന്റെ ആറാമത്തെ വൈദ്യുത വാഹന ചാർജിംഗ് സ്‌റ്റേഷനാണിത്.
ഇടപ്പള്ളി യുണൈറ്റഡ് ഫ്യൂവൽസിൽ കഴിഞ്ഞ വർഷം ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ആദ്യത്തെ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.
ടാറ്റാ പവറിന്റെ പങ്കാളിത്തത്തോടെയാണ് ഇന്ത്യൻ ഓയിൽ ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നത്. ടാറ്റാ ടൈഗർ, മഹീന്ദ്ര വെരിറ്റോ എന്നീ വാഹനങ്ങളും ചാർജ് ചെയ്യാൻ സൗകര്യമുണ്ട്.
ഇന്ത്യൻ ഓയിലിന്റെ നിരവധി പരിസ്ഥിതി സൗഹൃദ പരിപാടികൾക്ക് തരുൺ കപൂർ കൊച്ചിയിൽ തുടക്കം കുറിച്ചു. സാക്ഷം പ്രചാരണ വാഹനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. എൽ.പി.ജി പഞ്ചായത്തുകൾ, സൈക്ലോത്തോൺ,വാക്കത്തോൺ എന്നിവ ഇതിൽ ഉൾപ്പെടും.